ഭാരം കുറച്ച ഹാമറില്‍ ചരിത്രം കുറിച്ച് ശ്രീവിശ്വം

സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സീനിയര്‍ വിഭാഗത്തില്‍ ആറ് കിലോയില്‍ നിന്ന് അഞ്ചാക്കിയതിന് ശേഷമുള്ള ആദ്യ സ്‌കൂള്‍ മീറ്റില്‍ ചരിത്രം കുറിച്ച് പാലക്കാടിന്റെ ശ്രീവിശ്വം. ഇന്നലെ നടന്ന മല്‍സരത്തില്‍ 58.32 മീറ്റര്‍ ദൂരമെറിഞ്ഞാണ് പറളി എച്ച്.എസ്.എസിലെ ശ്രീവിശ്വ ചരിത്രം കുറിച്ചത്.
നിലവിലെ ഹാമര്‍ ത്രോ ചാംപ്യനെ പിന്തള്ളി ശ്രീവിശ്വം നേട്ടം കൊയ്തപ്പോള്‍ അതു ഒരു വര്‍ഷം മുമ്പേറ്റ മുറിവിനുള്ള മധുരപ്രതികാരം കൂടിയായി മാറുകയായിരുന്നു. 2016ല്‍ തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗം ഹാമറില്‍ റെക്കോഡിട്ടുകൊണ്ടാണ് ശ്രീവിശ്വം വരവറിയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പാലായില്‍ നടന്ന മീറ്റില്‍ പിറവം മണീട് സ്‌കൂളിലെ അലക്‌സ് ജോസഫ് ഈ റെക്കോഡ് മറികടന്നു.
വീണ്ടും ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് ശ്രീവിശ്വം തന്റെ റെക്കോഡ് നേട്ടം തിരിച്ചു പിടിച്ചു. പാലക്കാട് വടക്കുംതറയില്‍ മുത്തുകുമാര്‍- അരുണ ദമ്പതികളുടെ മകനാണ്.

RELATED STORIES

Share it
Top