ഭാഗ്യം തുണച്ചു; യുവന്റസിനെ വീഴ്ത്തി റയല്‍ സെമിയില്‍


മാഡ്രിഡ്: തോല്‍വിയുടെ മുഖത്ത് നിന്ന പെനല്‍റ്റി ഭാഗ്യം  തുണച്ചപ്പോള്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് സെമിയില്‍. ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ പെനല്‍റ്റി ഗോളിന്റെ കരുത്തിലാണ് യുവന്റസിനെ വീഴ്ത്തി റയലിന്റെ സെമി പ്രവേശനം. യുവന്റസിനോട് ഇരു പാദങ്ങളിലുമായി 4-3 എന്ന സ്‌കോറിനാണ് റയല്‍ മാഡ്രിഡ് ജയിച്ചുകയറിയത്. റയലിന്റെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ 3-1ന് യുവന്റസ് ജയിച്ചെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് റയലിന് കരുത്തായത്.
സ്വന്തം തട്ടകത്തില്‍ ഏറ്റുവാങ്ങിയ നാണംകെട്ട തോല്‍വിക്ക് അതേ നാണയത്തില്‍ യുവന്റസ് മറുപടി പറഞ്ഞപ്പോള്‍ റയല്‍ ഗോള്‍മുഖം പലകുറി വിറച്ചു. രണ്ടാം മിനിറ്റില്‍ത്തന്നെ മാന്‍ഡുകികിലൂടെ യുവന്റസ് അക്കൗണ്ട് തുറന്നു. 37ാം മിനിറ്റില്‍ മരിയോ മാന്‍ഡുകികി വീണ്ടും ലക്ഷ്യം കണ്ടതോടെ റയലിനെതിരേ യുവന്റസ് രണ്ട് ഗോളിന് മുന്നില്‍. 60ാം മിനിറ്റില്‍ ബലാസി മഷൂദിയും ലക്ഷ്യം കണ്ടതോടെ അട്ടിമറി തോല്‍വിയെ മുന്നില്‍ക്കണ്ട റയലിനെ തേടി ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയെത്തുകയായിരുന്നു. കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടതോടെ റയല്‍ നിര ഭാഗ്യത്തിന്റെ ചിറകില്‍ സെമിയിലേക്ക് പറന്നു. യുവന്റ്‌സ് സൂപ്പര്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് യുവന്റസിന് തിരിച്ചടിയായത്.

RELATED STORIES

Share it
Top