ഭവന നിര്‍മാണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ചെയര്‍മാന്‍

പൊന്നാനി: പിഎംഎവൈ ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കളെ വസ്തുതാ വിരുദ്ധ പ്രചാരണം നടത്തി കബളിപ്പിക്കുന്നതില്‍ നിന്നും പ്രതിപക്ഷം പിന്‍മാറണമെന്ന് നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി.പദ്ധതി പ്രകാരം കരാറുടമ്പടി വയ്ക്കുമ്പോള്‍ തന്നെ 7 വര്‍ഷത്തേക്ക് വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ പാടില്ല എന്ന് പദ്ധതി മാര്‍ഗ്ഗരേഖ നിര്‍ദേശിച്ചിട്ടുള്ളതാണ്.  മറ്റു നഗരസഭകളെല്ലാം തന്നെ ഏഴു വര്‍ഷത്തേക്ക് ഗുണഭോക്താക്കളുടെ ആധാരം നഗരസഭയില്‍ വാങ്ങി വയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ഗുണഭോക്താക്കളുടെ സൗകര്യാര്‍ഥം 7 വര്‍ഷത്തേക്ക് ആധാരം സെക്രട്ടറിയുമായി കരാറുടമ്പടി നടത്തി ഗുണഭോക്താക്കുടെ തന്നെ കൈവശം സൂക്ഷിക്കാനുള്ള ഉദാര സമീപനമാണ്  ഭരണ സമിതി സ്വീകരിച്ചിട്ടുള്ളത്.  പദ്ധതി പ്രകാരം വീട് വയ്ക്കുന്ന സ്ഥലത്തിന്റെ ആധാരം 200 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ഉടമ്പടി പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മാത്രമാണ് നഗരസഭ നിര്‍ദേശിച്ചിട്ടുമുള്ളത്. ഇതിനാല്‍ തന്നെ ത്രികക്ഷി കരാറുടമ്പടി പ്രകാരം ഗുണഭോക്താവിന് ബാങ്കുകളില്‍ നിന്ന് വായ്പ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നു. ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ കൂടി സൗകര്യം ലക്ഷ്യം വച്ച് നഗരസഭ നടത്തുന്ന പ്രവര്‍ത്തനത്തെ കള്ള പ്രചാരണം നടത്തി  ഇല്ലായ്മ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ ചേരിപരിഷ്‌കരണ പദ്ധതി (എന്‍എസ്ഡിപി), വാല്‍മീകി അംബേദ്കര്‍ ആവാസ് യോജന (വാംബെ) തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്നും കരാറുടമ്പടിയുടെ അടിസ്ഥാനത്തില്‍ കക്ഷികളുടെ ആധാരം കഴിഞ്ഞ കാലങ്ങളില്‍ പന്ത്രണ്ട് വര്‍ഷത്തേക്ക് നഗരസഭയില്‍ സൂക്ഷിച്ചിരുന്നു. ഗുണഭോക്താക്കളായ മുഴുവന്‍ പേരില്‍ നിന്നും കെട്ടിട നിര്‍മ്മാണ അനുമതിക്കായുള്ള ഫീസിളവ് ഈ ഭരണസമിതി നല്‍കുകയുണ്ടായി.ഭവന രഹിതരില്ലാത്ത പൊന്നാനി എന്ന നഗരസഭയുടെ ലക്ഷ്യത്തിന് നാല് ഡിപിആറുകളിലായി 1256 ഗുണഭോക്താക്കള്‍ക്കാണ് നഗരസഭ ധനസഹായം നല്‍കുന്നത്. പദ്ധതി സുഗമമായി നടത്തുന്നതിന് അനുകൂലിക്കുന്ന ഗുണഭോക്താക്കളെ കള്ള പ്രചാരണം വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം സ്വയം അപഹാസ്യരാവുമെന്നും ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു.

RELATED STORIES

Share it
Top