ഭവന നിര്‍മാണത്തിന് ഊന്നല്‍

തിരൂരങ്ങാടി: ഭവന നിര്‍മാണത്തിന് ഊന്നല്‍ നല്‍കി 2018-19 വര്‍ഷത്തെ  തിരൂരങ്ങാടി നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി അവതരിപ്പിച്ചു. 43,44,42,278 രൂപ വരവും, 42, 23, 33,060 രൂപ ചെലവും 12,109,218 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നഗരസഭയില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് പിഎംഎവൈ, ലൈഫ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി വീട് നിര്‍മിക്കുന്നതിന് 9.1 കോടി രൂപയും, ചെമ്മാട് ടൗണിലെ മുന്‍സിപ്പാലിറ്റി കൈവശമുള്ള ഭൂമിയില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കംഫര്‍ട്ട് സ്‌റ്റേഷനുള്‍പ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് 4 കോടി രൂപയും വകയിരുത്തി. താലൂക്ക് ആശുപത്രി വികസനത്തിന് 1.1 കോടി രൂപയും ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപയുമടക്കം ആശുപത്രി പരിചരണത്തിന് രണ്ട് കോടിയോളം രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതികള്‍ക്ക് 1.25 കോടി, വയോമിത്രം പദ്ധതിക്കായി 12 ലക്ഷം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്ക് 8.4 കോടി, മാതൃകാ അംഗനവാടികള്‍ക്ക് 40 ലക്ഷം, റോഡുകളുടെ മൈന്റനന്‍സിന് 3.2 കോടി, കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം, സമഗ്ര കൃഷി വികസനത്തിനായി 35 ലക്ഷം, വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ഒരു കോടി, മൃഗ സംരക്ഷണത്തിനായി 6.5 ലക്ഷം, തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 7.06 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  നഗരസഭ ഓഫിസിനെ കംപ്യൂട്ടര്‍ വല്‍ക്കരിച്ച്, സിസിടിവി സംവിധാനം വിപുലപ്പെടുത്തി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയെടുക്കുന്നതിന് പരിശ്രമിക്കും.
അങ്കണവാടികളിലും എല്‍പി സ്‌കൂളുകളിലുമുള്ള കുട്ടികളുടെ സംസാര വൈകല്യമുള്‍പ്പെടെ കണ്ടെത്തുന്നതിന് ചന്തപ്പടിയില്‍ സ്പീച്ച് ബിഹേവിയര്‍ ഒക്യുപേഷന്‍ തെറാപ്പി സെന്റര്‍ ആരംഭിക്കും.
ചെമ്മാട് സ്വകാര്യ മേഖലയില്‍ ബസ്റ്റാന്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. വെഞ്ചാലിയില്‍ നിര്‍മ്മിക്കുന്ന മാലിന്യ സംസ്‌കരണത്തിന്റെ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതടക്കം പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ട് എല്ലാ മേഖലയേയും സ്പര്‍ശിക്കാന്‍ ഈ ബജറ്റിലൂടെ സാധിച്ചതായി അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു.
യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെടി റഹീദ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, സിപി ഹബീബ, വി.വി. അബു, സിപി സുഹ്‌റാബി എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED STORIES

Share it
Top