ഭവനപദ്ധതിക്കും കുടിവെള്ളത്തിനും മുന്‍ഗണന നല്‍കി നഗരസഭാ ബജറ്റ്‌

ആലപ്പുഴ:  ഭവന പദ്ധതിക്കും നഗരത്തിലെ കുടിവെളളത്തിനും മുന്‍ഗണന നല്‍കി ആലപ്പുഴ നഗരസഭയുടെ വികസന ബജറ്റ് അവതരിപ്പിച്ചു. 356,24,89,158 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 342,90,32,624 കോടി രൂപ ചെലവും 13,34,56,534 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ്  വെസ് ചെയര്‍ പേഴ്‌സണ്‍ ബീന കൊച്ചുബാവ അവതരിപ്പിച്ചത്. പി.എം.എ.വൈ പദ്ധതി പ്രകാരം നിരവധി ഗുണഭോക്താക്കളാണ് ഭവന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നഗരത്തിലെ കാലപഴക്കം ചെന്ന വീടുകള്‍ റിപ്പയര്‍ ചെയ്ത് വാസയോഗ്യമാക്കുന്നതിന് ഒരു ഗുണഭോക്താവിന് 40,000 രൂപ എന്ന നിരക്കില്‍ 1300  ഗുണഭോക്താക്കള്‍ക്കായി അഞ്ച് കോടി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ആകെ പാര്‍പ്പിട മേഖലയില്‍ പത്ത് കോടി ഇരുപത് ലക്ഷം രൂപ നീക്കി വെച്ചു. സിമന്റ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതിന് മലബാര്‍ സിമന്റുമായി കരാര്‍ ഉണ്ടാക്കും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ വിവിധ മേഖലകളില്‍ 33.9 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റില്‍ പറയുന്നു. നഗരത്തിലെ വിവിധ മേഖലകളിലെ കുടിവെളള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി 115 കോടി രൂപയും അമൃത് പദ്ധതി വിഹിതമായി ചെലവഴിക്കും. നഗരത്തിലെ ഭവനങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ എടുക്കുന്ന പദ്ധതിക്കായി  25 ലക്ഷം രൂപ വകയിരുത്തി.
കൂടാതെ ആര്‍ഒ പ്ലാന്റുകളുടെ മെയിന്റനന്‍സ് ചുമതല നഗരസഭ ഏറ്റെടുക്കും. നഗരത്തില്‍ വനിതാ വിപണന കേന്ദ്രം ആരംഭിക്കുന്നതിനായി 85 ലക്ഷം രൂപ വകയിരുത്തി. യോഗ പരിശീലന കേന്ദ്രവും പായലില്‍ നിന്ന് ഉല്പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റും ആരംഭിക്കും. നഗരസഭ വക രാത്രികാല വിശ്രമ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ഷീ ലോഡ്ജില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. വനിതാ വികസനത്തിനായി 51 ലക്ഷം രൂപ വകയിരുത്തി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി 20 ലക്ഷവും കാര്‍ഷിക മേഖലയ്ക്ക് 1,31,66,000 രൂപയും മൃഗ സംരക്ഷണത്തിനായി 18,50,000 രൂപയും മാറ്റി വെച്ചു. മത്സ്യ മേഖലാ വികസനത്തിനായി 2,71,85,000 രൂപയും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2,62,00,000 രൂപയും ബജറ്റില്‍ വകയിരുത്തി.
ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 70 ലക്ഷം രൂപയും ഡയാലിസിസ് കേന്ദ്രത്തിന്റെ നിത്യ ചെലവുകള്‍ക്കായി 25 ലക്ഷം രൂപയും സ്ത്രീകള്‍ക്കായി ഹോര്‍മോണ്‍ ഡിറ്റക്ഷന്‍ സെന്ററും നേത്ര ചികിത്സയ്ക്കായി മൈക്രാസ്‌കോപ്പ് വാങ്ങുന്നതിനായി  33 ലക്ഷം രൂപ മാറ്റിവെച്ചു. ജനറല്‍ ആശുപത്രിയിലെ സൗന്ദര്യ വത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 76 ലക്ഷം രൂപയും എസ്.ടി.പി സ്ഥാപിക്കുന്നതിനായി 3.45 കോടി രൂപ ബജറ്റില്‍ വകയിരുത്തി.ഉദര രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അള്‍ട്രാ സൗണ്ട് മെഷീന്‍ വിത്ത് കളര്‍ ട്രോപ്ലര്‍ എന്ന 65 ലക്ഷം രൂപയുടെ ഉപകരണം ആശുപത്രിയില്‍ സ്ഥാപിക്കും. ഇ.സി.ജി മെഷീനും തൈറോയ്ഡ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കും.
നേത്ര ശസ്ത്രക്രിയ ഏറ്റവും കൂടുതല്‍ നടക്കുന്ന ആലപ്പുഴ ജനറല്‍ ആശുപത്രിയെ ദേശീയ നിലവാരമുള്ള ആശുപത്രിയാക്കി മാറ്റും.  ശുചിത്വ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 4,52,50,000 രൂപ വകയിരുത്തി. ഈ മേഖലയില്‍ കേന്ദ്ര സഹായം ലഭിക്കുന്നതിനായി 11 കോടി രൂപയുടെ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കും. ഒന്നാം ക്ലാസ്സ് ഡിജിറ്റലൈസ് ചെയ്യും. രണ്ടാം ക്ലാസ്സുകള്‍ ആധുനീക വത്ക്കരിക്കും. ഇതിനായി 50 ലക്ഷം മാറ്റി വെച്ചു. യോഗ പരിശീലനവും കായിക പരിശീലനവും സ്‌ക്കൂളുകളില്‍ ഉറപ്പാക്കും. തിരുവമ്പാടി യു.പി സ്‌ക്കൂളില്‍ പുതിയ ഓഡിറ്റോറിയവും മുഹമ്മദന്‍സ് ഗേള്‍സ് സ്‌ക്കൂളില്‍ നിലവിലുളള ഓഡിറ്റോറിയം നവീകരിക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി 1,07,50,000രൂപ ബജറ്റില്‍ വകയിരുത്തി.
ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവാര്‍ഡുകള്‍ക്ക് പ്രധാന്യം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എ. എ റസാഖ് പറഞ്ഞു. ബജറ്റിന് മുമ്പ് പ്രീ ബജറ്റ് അവതരിപ്പിച്ച് ആവശ്യമായ ഭേഗതഗതികള്‍ വരുത്തിയതിനാല്‍ പരാതികള്‍ക്ക് ഇടം നല്‍കാതെ ബജറ്റ് അവതരിപ്പിക്കാന്‍ വൈസ് ചെയര്‍പേഴ്‌സണ് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നഗരസഭക്ക് കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ്പാര്‍ലമെന്റി പാര്‍ട്ടി നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമേന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍ ,സിപിഐ റമീഷത്ത്, സനില കുമാരി,  സജീന ഹാരിസ്,ബി.മെഹബൂബ്, എ. എം നൗഫല്‍, അഡ്വ.ജി മനോജ് കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top