ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച ഭാര്യയുടെ കാമുകന്‍ മരിച്ചു

ഗുരുവായൂര്‍: ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഭാര്യയുടെ കാമുകന്‍ മരിച്ചു. ഇക്കഴിഞ്ഞ 23ന് ഗുരുവായൂര്‍ ബസ് സ്റ്റാന്റിന് മുന്‍വശംവച്ച് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന പാവറട്ടി മരുതയൂര്‍ അമ്പാടി വീട്ടില്‍ ജയരാജന്റെ മകന്‍ സന്തോഷ് (43) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.
മര്‍ദനമേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ, സന്തോഷിന്റെ പിതൃസഹോദരപുത്രന്‍ ഷൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത മുതുവട്ടൂര്‍ കുന്നത്തുള്ളി വീട്ടില്‍ ദിനേശന്‍ (47), നെല്ലുവായ് പാണ്ടികശാല വെളുപ്പില്‍ വീട്ടില്‍ മഹേഷ് (32) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടുപേരെകൂടി പിടികൂടാനുണ്ടെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന ദിനേശന്റെ ഭാര്യക്ക് മരിച്ച സന്തോഷുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സന്തോഷ് കുറച്ചുകാലമായി കുടുംബവുമായി വേര്‍പിരിഞ്ഞാണു താമസം. മരക്കച്ചവടവും കൂലിപ്പണിയുമായി കഴിഞ്ഞിരുന്ന സന്തോഷ്, ദിനേശന്റെ ഭാര്യയുമായി അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ സന്തോഷ് പലപ്പോഴും ദിനേശന്റെ വീട്ടില്‍ കഴിയാറുണ്ടെന്നും കഴിഞ്ഞ 15 ദിവസമായി ദിനേശന്റെ ഭാര്യ സന്തോഷിനോടൊപ്പമാണ് താമസമെന്നും പോലിസ് പറഞ്ഞു. ദിവസങ്ങളോളം പുറത്തുപോയി ഒരുമിച്ചുതാമസിച്ചതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിലും തുടര്‍ന്ന് സന്തോഷിന്റെ മരണത്തിലും കലാശിച്ചത്.
ദിനേശന്റെ ഭാര്യയും മരിച്ച സന്തോഷും ഗുരുവായൂരില്‍ മുറിയെടുത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദിനേശനും ബന്ധുവായ മഹേഷും മറ്റുചിലരും ചേര്‍ന്ന് സന്തോഷ് ലോഡ്ജിന് പുറത്തിറങ്ങിയ സമയത്ത് മര്‍ദിക്കുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരാണ് സന്തോഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

RELATED STORIES

Share it
Top