ഭര്‍ത്താവിന്റെ നിസ്സഹകരണം; ഇന്ദിരയുടെ മൃതദേഹം സൂക്ഷിച്ചത് പത്ത് മാസംദമ്മാം: ഭര്‍ത്താവിന്റെ നിസ്സഹകരണം മൂലം പത്ത് മാസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്ന തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിനി ഇന്ദിര ദണ്ഡപാണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം അല്‍ ഹസയില്‍ മറവു ചെയ്തു. പത്തു വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്ത ഇന്ദിര എട്ടു വര്‍ഷം മുമ്പാണ് ഹസയില്‍ വീട്ടു ജോലിക്കായി എത്തിയത്. മദ്യപാനിയും കുടുംബത്തെ നോക്കാത്തവനുമായ ഭര്‍ത്താവ് മൂലമുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് പത്ത് മാസം മുമ്പ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഭര്‍ത്താവിനെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലയക്കാന്‍ ആവശ്യമായ രേഖകള്‍ എത്തിക്കാന്‍ അറിയിച്ചു. അയാള്‍ ആവശ്യപ്പെട്ടതു പ്രകാരം കുറച്ച് തുകയും അയച്ചു നല്‍കിയെങ്കിലും ആവശ്യമായ രേഖകള്‍ ലഭിച്ചില്ല. ഇതോടെ ഇന്ദിരയുടെ മൃതദേഹം മാസങ്ങളോളം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നു. നാല് മാസം മുമ്പ് നവയുഗം പ്രതിനിധികളായ ഹുസയ്ന്‍ കുന്നിക്കോട്, അബ്ദുല്‍ ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തിന്റെ സഹായത്തോടെ നടത്തിയ ഇടപെടലാണ് വഴിത്തിരിവായത്. മൃതദേഹം സൗദിയില്‍ തന്നെ അടക്കാനും നാട്ടില്‍ കൊണ്ടുവരാന്‍ ചെലവായേക്കാവുന്ന തുക തനിക്ക് അയച്ചു തരണമെന്നുമാണ് ഇന്ദിരയുടെ ഭര്‍ത്താവ് സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്ന മൂന്ന് മക്കളെയും കണ്ടെത്തി അനുമതിപത്രം വാങ്ങുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ ഹസയിലെ പൊതുശ്മശാനത്തില്‍ അടക്കുകയുമാണുണ്ടായത്.

RELATED STORIES

Share it
Top