ഭരണ സംവിധാന ദുരുപയോഗത്തിനെതിരേ ജാഗ്രതവേണം: സമദാനി

കോഴിക്കോട്: ഭരണ സംവിധാനത്തെ മുഴുവന്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് തീറെഴുതി ക്കൊടുക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മതേതരവാദികള്‍ തൂത്തെറിയുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി. ജമ്മുകശ്മീരിലെ കത്‌വ ജില്ലയില്‍ ആസിഫ യെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ റാലിയുടെ സമാപന സമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യത്തെ മൂടിവയ്ക്കാനും കുറ്റം ചെയ്തവരെ സംരക്ഷിക്കാനും ശ്രമിക്കുന്ന അതി നീചമായ നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എംഎ ല്‍എമാരും മന്ത്രിമാരും പൈശാചിക കൃത്യം നടത്തിയവരെ സംരക്ഷിക്കാന്‍ കൂട്ടുനിന്നുവെന്നത് ചിന്തിക്കാനാവാത്തതാണ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ യഥാര്‍ഥ മുഖം ഇപ്പോള്‍ വ്യക്തമായി സമദാനി പറഞ്ഞു.
ആസിഫ എന്ന പെണ്‍കുട്ടി ഏല്‍ക്കേണ്ടിവന്ന പീഡനം രാജ്യത്തിന് ഏറ്റവും വലിയ അപമാനമാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ പറഞ്ഞു.  വര്‍ഗീയതയുടെ ക്രൂരമുഖമാണ് ജമ്മുവില്‍ കണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു.യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, എം എ റസാഖ് മാസ്റ്റര്‍ സംസാരിച്ചു.

RELATED STORIES

Share it
Top