ഭരണ- പ്രതിപക്ഷ കക്ഷികള്‍ ജനവഞ്ചകര്‍: എസ്ഡിപിഐ

മലപ്പുറം: കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് കേരളത്തിലേയും കേന്ദ്രത്തിലെയും ഭരണ-പ്രതിപക്ഷം ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഈ വഞ്ചനയ്‌ക്കെതിരേ ഏപ്രില്‍ 10 മുതല്‍ 30 വരെ പ്രചാരണ പരിപാടി സംഘടിപ്പിക്കും.  ഇതോടനുബന്ധിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എംഎല്‍എമാരുടേയും എംപിമാരുടേയും ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടിയുള്ള ജനകീയ സമരങ്ങള്‍ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും സമരങ്ങള്‍ ഹൈജാക്ക് ചെയ്തും ഗെയിലിന് സുഗമമായി മുന്നോട്ടുപോവാനുള്ള വഴിയൊരുക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്തത്.  ഇരു പക്ഷവും ഒരേസമയം വേട്ടക്കാരുടേയും ഇരകളുടേയും പക്ഷത്താണ്.
മുക്കം, മലപ്പുറം ഗെയില്‍ സമരത്തിന്റെ നേതൃത്വമേറ്റെടുത്ത യുഡിഎഫ് എംഎല്‍എമാരും എംപിമാരും നേതാക്കളും സമരം ഇല്ലാതാക്കുകയാണ് ചെയ്തത്.  മലപ്പുറത്തെ ലീഗ് കുടുംബങ്ങളും ലീഗനുഭാവികളും തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിലൂടെയാണ് ഈ വാതക ബോംബ് വരാന്‍ പോവുന്നതെന്ന് അറിഞ്ഞുതന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ ഗെയ്‌ലിന് പച്ച പരവതാനി വിരിച്ചത്.
2007ല്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഗെയില്‍ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടത്. 2013ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച് കമ്മീഷന്‍ ചെയ്തത്.
കൊച്ചിയില്‍ നിന്ന് കായംകുളം വരെ കടലിലൂടെ സ്ഥാപിച്ച രീതിയില്‍ മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനും  സ്ഥാപിക്കണമെന്ന ആവശ്യം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കാന്‍ കേരളം ഭരിച്ച ഇരുമുന്നണികളും തയ്യാറായില്ല.
പണത്തിനും സ്വാധീനത്തിനും കീഴടങ്ങി ഒരേസമയം വേട്ടക്കാരന്റെയും ഇരകളുടെയും പക്ഷം നില്‍ക്കുന്ന കപട രാഷ്ട്രീയക്കളി തുറന്നുകാണിക്കുകയാണ്  എസ്ഡിപിഐയുടെ ഇനിയുള്ള പ്രയത്‌നമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി  നജീബ്  പങ്കെടുത്തു.

RELATED STORIES

Share it
Top