ഭരണാധികാരികളെ തീരുമാനിക്കുന്നത് പ്രധാനം

എനിക്ക് തോന്നുന്നത് - അന്‍സാര്‍ കോട്ടപ്പള്ളി, വടകര
രാജ്യത്തെ ഭരണഘടനാ കരട് തയ്യാറാക്കിയശേഷം അതിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി 2400ലധികം മാറ്റങ്ങളാണ് അന്നു നിര്‍ദേശിക്കപ്പെട്ടത്. അതില്‍ 30 ശതമാനം വരെ പരിഗണിക്കാവുന്ന ആവശ്യങ്ങളായിരുന്നു. ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ ഡോ. ബി ആര്‍ അംബേദ്കറിനു പകരം നരേന്ദ്ര മോദിയെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനാക്കി പുതിയ ഭരണഘടന സൃഷ്ടിച്ചെടുക്കാനുള്ള പുറപ്പാടിലാണ്. പാര്‍ലമെന്റില്‍ അംഗബലമുണ്ടായാല്‍ രാജ്യത്തിന്റെ ഭരണഘടനപോലും മാറ്റിയെഴുതാന്‍ കഴിയുമെന്നുവരുമ്പോള്‍ പൗരന്‍മാര്‍ക്ക് ഇവിടെ എത്രകാലം ഭയമേതുമില്ലാതെ കഴിച്ചുകൂട്ടാന്‍ കഴിയും. ലോക്‌സഭ ബില്ലുകള്‍ ചര്‍ച്ചയ്ക്കു വയ്്ക്കുമ്പോഴും പാസാക്കുമ്പോഴും ഇത്രയധികം അലോസരം സൃഷ്ടിച്ച സന്ദര്‍ഭം വേറെ ഉണ്ടായിട്ടില്ല. സമീപകാലത്ത് ഭരണഘടനയുടെ നേരെ വലിയ കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതു ബോധപൂര്‍വമായ ഒരു പ്രക്രിയയായിത്തന്നെ വിലയിരുത്തണം.
രാജ്യം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നു. പൗരന്മാരോടുള്ള ഭരണകൂടത്തിന്റെ സമീപനങ്ങളും അതു കുത്തക മുതലാളിമാരോട് അനുവര്‍ത്തിക്കുന്ന സ്‌നേഹലാളനയും ചേര്‍ത്തു വായിക്കുമ്പോള്‍ അതിന്റെ ഗൗരവം എളുപ്പം മനസ്സിലാവും. പെട്രോള്‍ വില അനുദിനം വര്‍ധിപ്പിച്ചപ്പോള്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചതാണ് ജനാധിപത്യം നിലനില്‍ക്കുന്നുവെന്നു സൂചിപ്പിച്ചത്. അതേയവസരം 2019ലെ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് ഭരണകര്‍ത്താക്കളുടെ അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കാനോ രാഷ്ട്രീയനേതാക്കള്‍ അധികാരം കൈയാളുന്നതിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിക്കാനോ തിരുത്തിക്കാനോ പൗരസമൂഹത്തിനു കഴിയുന്നില്ല.
യൂറോപ്പിലെ പല സംസ്‌കാരമൂല്യങ്ങളും വാരിപ്പുണരുന്ന നമുക്ക് അവിടത്തെ രാഷ്ട്രീയപരിസരത്തെ ഇതുവരെ കടമെടുക്കാന്‍ സാധിച്ചിട്ടില്ല. ഒട്ടേറെ രാജ്യങ്ങളില്‍ 30ഉം 40ഉം വയസ്സ് പ്രായമുള്ള ആര്‍ജവമുള്ള, വിദ്യാസമ്പന്നര്‍ രാജ്യത്തെ നയിക്കുന്നു. കാര്യബോധത്തോടെ രാജ്യത്തെ മനുഷ്യവിഭവങ്ങളെ ഉപയോഗപ്പെടുത്താനും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ കൂടെ നിര്‍ത്താനും സാധിക്കുന്നു. വിവരമുള്ളവര്‍ മുഖ്യമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിനു പകരം ഇവിടെ വിവരമുള്ളവരെല്ലാം രാഷ്ട്രീയക്കാരുടെ വാലാട്ടികളും അടിമകളുമായി കാലം കഴിക്കുന്നു. പ്രായമാവുമ്പോള്‍ വിരമിക്കാനോ വിശ്രമജീവിതം നയിക്കാനോ തയ്യാറാവാത്ത അധികാരമോഹികളുടെ കൈയില്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയം ഒതുങ്ങിപ്പോവുന്നു.
ലോകം ഉന്നതമായ കണ്ടെത്തലുകളും അന്വേഷണങ്ങളും നടത്തുമ്പോള്‍ നാം സ്വാതന്ത്ര്യം നേടിയ അന്ന് ചര്‍ച്ചചെയ്ത കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന് ചിന്തിക്കാനോ ഇടപെടാനോ കഴിയാത്തവര്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി വരുന്നത് രാജ്യത്തിനു തന്നെ നഷ്ടമാണ്. അതിന്റെ ഫലമായിട്ടാണ് വര്‍ഗീയതയും വിഭാഗീയതയും രാഷ്ട്രീയ മൂലധനമാവുന്നത്.
ഇന്ത്യപോലുള്ള വിഭവസമൃദ്ധമായ ഒരു രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നത് പ്രധാനമായും നമ്മുടെ രാഷ്ട്രീയനേതൃത്വമാണ്. ഇഷ്ടപ്പെട്ട പാര്‍ട്ടിക്കാരെ വിജയിപ്പിക്കുന്നതിനു പകരം യോഗ്യരായവരെ മല്‍സരിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാവുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയരംഗവും തിരഞ്ഞെടുപ്പും മാറണം. അപ്പോള്‍ മാത്രമേ ഭരണഘടനയിലെ ഉദാത്ത സങ്കല്‍പങ്ങള്‍ പ്രവൃത്തിയില്‍ വരുകയുള്ളൂ.



RELATED STORIES

Share it
Top