ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരേ യുഡിഎഫ് ധര്‍ണ

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 3200 ഗുണഭോക്താക്കളെ വഞ്ചിച്ച് ജലനിധി പദ്ധതി  യാഥാര്‍ഥ്യമാക്കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന ജനകീയ മുന്നണി  ഭരണ സമിതിയുടെ നിരുത്തരവാദ സമീപനത്തിനെതിരേ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുഡിഎഫ് നേതൃത്വത്തില്‍ ധര്‍ണ നടത്തി. ഈ വര്‍ഷവും ജലനിധിയുടെ വെള്ളം നാട്ടുകാര്‍ക്കു ലഭിക്കുമെന്ന കാര്യത്തില്‍ ഭരണ സമിതി വ്യക്തമായ ഉറപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചത്. വേനലില്‍ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ചേലേമ്പ്രയില്‍ ഈ വര്‍ഷവും വെള്ളം നല്‍കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട ഭരണ സമിതി ഇന്നു മലപ്പുറം ജലനിധി ഓഫിസിനു മുന്നില്‍ നടത്താന്‍ നിശ്ചയിച്ച ധര്‍ണ ഒടുവില്‍ നിര്‍ത്തിവെക്കുകയായിരുന്നു. വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുറഹ്മാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിക്കുക, പിഎച്ച്‌സിയില്‍ കിടത്തി ചികില്‍സ ആരംഭിക്കുക. എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. കെ പി ദേവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബക്കര്‍ ചെര്‍ണൂര്‍ മുഖ്യ പ്രഭാക്ഷണം നടത്തി.കെ പി അമീര്‍, സി ഹസ്സന്‍, കെ റഫീഖ്, അമ്പാഴത്തങ്ങല്‍ അബൂബക്കര്‍, അണ്ടിശ്ശേരി ഉണ്ണി, എവിഎ ഗഫൂര്‍, വിപി ഉമറുല്‍ഫാറൂഖ്,കെ പി കുഞ്ഞിമുട്ടി, ഇക്ബാല്‍ പൈങ്ങോട്ടൂര്‍, സി ലത്തീഫ് സംസാരിച്ചു

RELATED STORIES

Share it
Top