ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം തള്ളി

ചേലക്കര: ചേലക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രസിഡന്റ് ആര്‍ ഉണ്ണിക്കൃഷ്ണനെതിരായ അവിശ്വാസമാണ് ഭൂരിപക്ഷം തെളിയിക്കാനാകാതെ പരാജയപ്പെട്ടത്. 22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും 11 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ചര്‍ച്ചാവേളയില്‍ ഇരുപക്ഷത്തിന്റെയും മുഴുവന്‍ അംഗങ്ങളും ഹാജരായി. ഓപ്പണ്‍ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 11 വോട്ടും എല്‍ഡിഎഫിന് പത്തും വോട്ടുകള്‍ ലഭിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട അംഗങ്ങളില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ അനുകൂലിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കൂ എന്ന കണക്കില്‍ പന്ത്രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാലേ അവിശ്വാസം വിജയിക്കുമായിരുന്നുള്ളൂവെന്നും പിന്തുണയില്ലാത്തതിനാല്‍ അവിശ്വാസം പരാജയപ്പെട്ടതായി വരണാധികാരിയായ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് തങ്കം വര്‍ഗീസ് അറിയിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങളും സിപിഎം പ്രവര്‍ത്തകരും പഞ്ചായത്ത് കവാടത്തില്‍ ആഹ്ലാദപ്രകടനം നടത്തി. വൈസ് പ്രസിഡന്റ് ഗായത്രി ജയനെതിരായ അവിശ്വാസം ഇന്ന് രാവിലെ പതിനൊന്നിന് ചര്‍ച്ച ചെയ്യും.
അതേസമയം ചേലക്കര ഗ്രാമപ്പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോടതിവിധിയുടെ ലംഘനമാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. പതിനൊന്നിനേക്കാള്‍ വലുതല്ല പത്ത് അംഗങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഒരു പദ്ധതിപോലും അംഗീകരിക്കാനോ പ്രാബല്യത്തില്‍ കൊണ്ടുവരുവാനോ ഭരണസമിതിക്ക് പത്തംഗങ്ങളെവെച്ച് സാധ്യമല്ല.
അഴിമതി ഭരണത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ നിയമപോരാട്ടം തുടരുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചെറിയാന്‍, ഡിസിസി അംഗം ടി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ പി ഷാജി, പ്രതിപക്ഷനേതാവ് പി എ അച്ചന്‍കുഞ്ഞ്, ഉപനേതാവ് പ്രദീപ് നമ്പ്യാത്ത്, വിനോദ് പന്തലാടി പറഞ്ഞു.

RELATED STORIES

Share it
Top