ഭരണവീഴ്ചകളുടെ ഒരു വര്‍ഷംവീഴ്ചകളുടെയും കോട്ടങ്ങളുടെയും ഒരു വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ പിന്നിടുന്നത്. പിണറായിയുടെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്കു പ്രതീക്ഷയും പ്രത്യാശയും നല്‍കിയിരിക്കുന്നു. മതനിരപേക്ഷ അഴിമതിരഹിത ഭരണം, സമാധാനവും വികസനവും, സ്ത്രീസുരക്ഷാ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷയുടെ പ്രകാശം പരത്തിയത്. നവകേരളം സ്വപ്‌നം കണ്ട പിണറായി വിജയന്‍ ഒരു വര്‍ഷംകൊണ്ട് ജനങ്ങള്‍ക്കു നല്‍കിയത് 'നിരാശാ കേരള'മാണ്. മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിരത്തുന്ന നേട്ടങ്ങളുടെ പട്ടിക ഊതിവീര്‍പ്പിച്ചതും നിറംപിടിപ്പിച്ചതുമാണ്. ഘടകകക്ഷിയായ സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും ഒരു വര്‍ഷത്തെ പ്രസ്താവനകള്‍ കൂട്ടിക്കെട്ടിയാല്‍ എല്‍ഡിഎഫ് ഭരണത്തിന്റെ കോട്ടങ്ങളുടെ യഥാര്‍ഥ പട്ടികയാവും. ഭരണമുന്നണിയിലെ അപ്രഖ്യാപിത പ്രതിപക്ഷനേതാക്കളായ അവരുടെ വാക്കുകളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അനൈക്യത്തിന്റെയും ഛിദ്രതയുടെയും യഥാര്‍ഥ ചിത്രം തെളിയും. ഇടതു ബദല്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ മുന്നണിയില്‍ ഐക്യവുമില്ല, കൂട്ടുത്തരവാദിത്തവുമില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വര്‍ഷംകൊണ്ട് ഇത്രമാത്രം പരാജയപ്പെട്ട മറ്റൊരു ഭരണം ഉണ്ടായിട്ടില്ല. വികസനത്തെക്കുറിച്ചു സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തതല്ലാതെ ഒരു വികസന പദ്ധതിക്കും തുടക്കം കുറിക്കാന്‍ കഴിഞ്ഞില്ല. കിഫ്ബി എന്ന അടിസ്ഥാന വികസനത്തിനുള്ള സാമ്പത്തിക സ്ഥാപനത്തെക്കുറിച്ച് ധനകാര്യമന്ത്രി സംസാരിക്കുമ്പോള്‍ മലര്‍പൊടിക്കാരന്റെ കഥ ഓര്‍മയില്‍ വരും. സമാധാനജീവിതം തകര്‍ത്ത കുറ്റകൃത്യങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിനുള്ള കുറ്റപത്രമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍, അക്രമങ്ങള്‍, സംഘട്ടനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, കുട്ടികളുടെ കൊലപാതകങ്ങള്‍, കസ്റ്റഡിമരണങ്ങള്‍, ബലാല്‍സംഗങ്ങള്‍, ദലിത് പീഡനങ്ങള്‍ എന്നുവേണ്ട, സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും പ്രവര്‍ത്തകര്‍ നടത്തിയ കൈയേറ്റങ്ങളുടെയും അക്രമങ്ങളുടെയും പട്ടിക നിരത്തിയാല്‍ ക്രമസമാധാനത്തകര്‍ച്ചയുടെ ആഴം ബോധ്യമാവും. എല്ലാ ക്രിമിനല്‍ കേസുകളിലും പ്രതിഭാഗത്തോ വാദിഭാഗത്തോ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തകരുണ്ടാവും. പോലിസ് നിഷ്പക്ഷവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാത്തതുമൂലം സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടുന്നു. ചേരിപ്പോരും തര്‍ക്കങ്ങളും പോലിസ് സേനയുടെ അച്ചടക്കം തകര്‍ക്കുകയും കാര്യക്ഷമത ഇല്ലാതാക്കുകയും ചെയ്തു.രൂക്ഷമായ വിലക്കയറ്റം, കുടിവെള്ളത്തിനു വേണ്ടിയുള്ള നെട്ടോട്ടം, റേഷന്‍സാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത ദുരവസ്ഥ, കറന്റ് ചാര്‍ജ് വര്‍ധനയിലൂടെ ഇരുട്ടടി- ഇഴഞ്ഞുനീങ്ങുന്ന ഭരണം. സര്‍ക്കാരിനെതിരേ ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ ഉജ്വല വിജയം.കൈയേറ്റങ്ങളുടെ വിളനിലമായ മൂന്നാറില്‍ ശക്തമായ നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രിയും മന്ത്രി എം എം മണിയും ശാസിക്കുന്നതു കേട്ട കേരളം ഞെട്ടി. സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനിന്നതോടെ ഒഴിപ്പിക്കല്‍ നിലച്ചു. പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാസംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയം പൊളിച്ചതിനെതിരേ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് കൈയേറ്റക്കാര്‍ക്കുള്ള പച്ചക്കൊടിയായിരുന്നു. ജിഷ്ണു പ്രണോയി മരിച്ച കേസില്‍ നീതി തേടിയെത്തിയ മഹിജയെ ഡിജിപി ഓഫിസിനു മുന്നില്‍ പോലിസ് വലിച്ചിഴച്ചു. കേരളം ഞെട്ടലോടെയാണ് ഈ കാഴ്ച കണ്ടത്. ആ അമ്മയ്ക്കു നല്‍കിയ വാക്ക് ഇതുവരെ സര്‍ക്കാര്‍ പാലിച്ചതുമില്ല. തനിക്കെത്ര ഉപദേഷ്ടാക്കളുണ്ടെന്ന് അറിവില്ലാത്ത മുഖ്യമന്ത്രിയാണിന്ന് കേരളം ഭരിക്കുന്നത്. ആറുപേരുണ്ടെന്നും അതല്ല, എട്ടുപേരുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ മറുപടി നല്‍കി. ഉപദേഷ്ടാക്കളുടെ നിയമനങ്ങള്‍ പലതും വിവാദത്തിലുമായി. മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചെങ്കിലും വിവാദത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമേറ്റില്ല. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം താറുമാറായി. ചരിത്രത്തിലാദ്യമായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ വിതരണം മുടങ്ങി. കേന്ദ്രം റേഷന്‍ വിഹിതം വെട്ടിക്കുറച്ചു എന്നത് ഒരു കാര്യം. പക്ഷേ, കേന്ദ്രം വെട്ടിക്കുറച്ചു നല്‍കിയ അരി പോലും എടുത്ത് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ല. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയപ്പോള്‍ എഫ്‌സിഐ ഗോഡൗണില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് അരി എടുക്കണമെന്ന നില വന്നു. പക്ഷേ, ചുമട്ടുതൊഴിലാളികളുമായുള്ള തര്‍ക്കം പരിഹരിക്കാനാവാതെയാണ് റേഷന്‍ വിതരണം മുടങ്ങിയത്. കേരളത്തിന് ഒരു വര്‍ഷം ആവശ്യമായത് 16.5 ലക്ഷം മെടിക് ടണ്‍ അരിയാണ്. പക്ഷേ, ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 14.25 ലക്ഷം മെട്രിക് ടണ്‍ അരിയും. യുപിഎ ഭരണകാലത്ത് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി രണ്ടു ലക്ഷം ടണ്‍ കൂടി നേടിയെടുത്തിരുന്നു. ഈ സര്‍ക്കാരിന് അതിനു കഴിയുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് മാസത്തിനുള്ളില്‍ അരിവില മാനംമുട്ടെയാണ് കുതിച്ചുകയറിയത്. കിലോയ്ക്ക് 6 മുതല്‍ 10 രൂപ വരെ വില കൂടി. മലയാളികള്‍ കൂടുതല്‍ വാങ്ങുന്ന ജയ അരിക്ക് 41 മുതല്‍ 43 രൂപ വരെ വിലയായി. സുരേഖയ്ക്ക് 40 രൂപ. മട്ട അരി 40 രൂപ. കേരളത്തിന്റെ ചരിത്രത്തിലൊരിക്കലും ഐഎഎസുകാരും ഐപിഎസുകാരുമായ ഭരണമേധാവികള്‍ ഇപ്പോഴത്തെപ്പോലെ തമ്മില്‍ത്തല്ലിയിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കയറൂരിവിട്ടതോടെയാണ് ഭരണത്തലവന്മാരുടെ കൂട്ടയടിക്ക് തുടക്കമായത്. കേരളചരിത്രത്തിലാദ്യമായി ഐഎഎസ് ഓഫിസര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുന്ന ഘട്ടം വരെ എത്തി. അപ്പോഴാവട്ടെ, മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ശകാരിച്ച് അപമാനിക്കുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. തുടര്‍ന്ന് ഐഎഎസ് ഓഫിസര്‍മാര്‍ നിസ്സഹകരണത്തിലായിരുന്നു. ഭരണം പൂര്‍ണമായി സ്തംഭിച്ചിരിക്കുന്നു. ഒരു ഫയലും നീങ്ങുന്നില്ല.പാവപ്പെട്ടവരെക്കുറിച്ചു മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയാണ് ചെയ്യുന്നത്. അവര്‍ക്കു കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ ക്ഷേമപെന്‍ഷനുകള്‍ പോലും നിഷേധിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതില്‍ റെക്കോഡിട്ടിരുന്നു. 32 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഈ സര്‍ക്കാര്‍ മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നിഷേധിച്ചത്. തുച്ഛമായ ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നു എന്ന് പറഞ്ഞാണ് ഈ ക്രൂരത. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികളെല്ലാം പിണറായി സര്‍ക്കാര്‍ തകിടംമറിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിച്ച കാരുണ്യ ചികില്‍സാ സഹായം, കേള്‍വിക്കുറവുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി, ആര്‍ദ്രം, ആരോഗ്യകിരണ്‍ തുടങ്ങിയ എല്ലാ പദ്ധതികളും നിര്‍ത്തിയിരിക്കുകയാണ്. അഴിമതിക്കെതിരേ പ്രസംഗിച്ചു വോട്ട് പിടിച്ച് അധികാരത്തിലെത്തിയതോടെ ഇടതുമുന്നണി അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുന്നതാണ് കണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളിലെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റി. മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ പി ജയരാജന്‍ ഭാര്യാസഹോദരി പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇയുടെ എംഡിയായും സഹോദരന്റെ മകള്‍ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജരായും നിയമിച്ചു. ഡസന്‍കണക്കിന് ബന്ധുനിയമനങ്ങള്‍ വേറെയുമുണ്ടായിരുന്നു. വ്യക്തമായ ഭരണ ഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയുമായിരുന്നു ഇത്. യുഡിഎഫ് നടത്തിയ പോരാട്ടത്തിന് ഒടുവില്‍ ജയരാജന്‍ നാണംകെട്ട് രാജിവച്ചു. ജയരാജനെതിരേ അന്വേഷണം ആരംഭിച്ച വിജിലന്‍സ് മെല്ലെപ്പോക്കാണ് സ്വീകരിച്ചത്. അധികാരം, അഴിമതി, അനാശാസ്യത എന്നിവ കൂടിക്കലര്‍ന്ന് രൂപപ്പെട്ട ജീര്‍ണമായ സാഹചര്യത്തില്‍നിന്ന് രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞുവെന്ന അവകാശവാദത്തോടെയാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് ഭരണത്തെ വിലയിരുത്തിയത്. പത്തു മാസത്തിനുള്ളില്‍ അഴിമതിയുടെ പേരില്‍ ഒരു മന്ത്രി രാജിവയ്ക്കുകയും അനാശാസ്യപ്രവൃത്തിയിലൂടെ മറ്റൊരു മന്ത്രി രാജിവയ്ക്കുകയും ചെയ്ത വര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിട്ടത്. യുഡിഎഫ് ഭരണത്തില്‍ അഴിമതിക്കാരായി മുദ്രകുത്തിയ ആര്‍ ബാലകൃഷ്ണപ്പിള്ളയെയും കെ എം മാണിയെയും എല്‍ഡിഎഫ് വാരിപ്പുണര്‍ന്നത് ഈ വര്‍ഷത്തിനുള്ളിലാണ്.

RELATED STORIES

Share it
Top