ഭരണപരിഷ്‌കാര കമ്മീഷന്റെ മൂന്നാമത് റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ മൂന്നാമത് റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാന ക്ഷേമനിയമങ്ങളും അവയുടെ നിര്‍വഹണവും അവലോകനം ചെയ്തുള്ള റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിയമങ്ങള്‍, അവ നടപ്പാക്കുന്നതിലെ ഗുണദോഷങ്ങള്‍ എന്നിവയുടെ അവലോകനവും നിര്‍ദേശങ്ങളുമാണ് റിപോര്‍ട്ടില്‍ അടങ്ങിയിട്ടുള്ളത്.
ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ കമ്മീഷന്‍ തെളിവെടുപ്പ് യോഗങ്ങള്‍ നടത്തിയിരുന്നു. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചോദ്യാവലി തയ്യാറാക്കി പ്രതികരണങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ഇവയില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് റിപോര്‍ട്ട്. വി എസ് അച്യുതാനന്ദന്‍ എംഎല്‍എ ചെയര്‍മാനായ കമ്മീഷന്‍, വിജിലന്‍സ് സംവിധാന പരിഷ്‌കരണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥശേഷി വികസനം എന്നിവ സംബന്ധിച്ച രണ്ടു റിപോര്‍ട്ടുകള്‍ നേരത്തേ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പൗരകേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ പബ്ലിക് ഹിയറിങ് നടത്താന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top