ഭരണപരാജയത്തെപ്പറ്റി വീണ്ടും

രാഷ്ട്രീയ കേരളം -  എച്ച്  സുധീര്‍
കഴിഞ്ഞ കുറേ ദിവസമായി മുഖ്യമന്ത്രിയെ കേരളത്തില്‍ കാണാനില്ലത്രേ. പരാതി പ്രതിപക്ഷത്തിന്റേതാണ്. നാട്ടിലെ ക്രമസമാധാനനില തകരുമ്പോഴും പാര്‍ലമെന്റിനെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
14ാമത് നിയമസഭയുടെ പത്താം സമ്മേളനം നടക്കുകയാണ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. ഗുണ്ടാ ആക്രമണവും പോലിസിലെ ക്രിമിനലുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി പ്രശ്‌നങ്ങളുടെ തീവ്രത തൊണ്ടകീറുമാറ് ഉച്ചത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും ആരു കേള്‍ക്കാന്‍, ആരോടു പറയാന്‍! പോരാത്തതിനു നാട്ടില്‍ നൂറുനൂറു പ്രശ്‌നങ്ങള്‍ വേറെയും. ഇതൊന്നിലും തലവച്ചുകൊടുക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാനും മറ്റുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ കറങ്ങിത്തിരിയുകയാണ്.
സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയും തൊഴിലാളി സംഘടനയായ സിഐടിയുവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലായിരുന്ന പി വി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതും വിരമിച്ച ദിവസം പടക്കം പൊട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവവും ഏറെ നിന്ദ്യമാണ്. വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായി എസ്എഫ്‌ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രഫ. പുഷ്പജ.
എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചപ്പോഴും പാലക്കാട് വിക്ടോറിയ കോളജില്‍ കുഴിമാടം ഒരുക്കിയപ്പോഴും ന്യായീകരണവുമായി നേതാക്കള്‍ എത്തിയതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. നെഹ്‌റു കോളജിന്റെ പ്രവൃത്തിസമയത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട് തകര്‍ത്ത് ബലമായി എസ്എഫ്‌ഐ ഏരിയാ സമ്മേളനം നടത്തിയതിനെതിരേ ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ പ്രഫ. പുഷ്പജ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയെടുത്തിരുന്നില്ല. മദ്യപിച്ച് എത്തിയവരെയും പെണ്‍കുട്ടികളെ ആക്രമിച്ചവര്‍ക്കെതിരേയും പ്രിന്‍സിപ്പലായിരുന്ന കാലത്ത് പ്രഫ. പുഷ്പജ നടപടിയെടുത്തിരുന്നു. തുടര്‍ച്ചയായി ക്ലാസില്‍ എത്താതിരുന്ന ചില എസ്എഫ്‌ഐ നേതാക്കള്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസം കോളജില്‍ പൂട്ടിയിട്ടുവെന്ന വെളിപ്പെടുത്തലും ഞെട്ടിക്കുന്ന സംഭവമാണ്.
ഇഷ്ടമില്ലാത്ത അധ്യാപകരെ ക്രൂശിക്കുകയെന്ന ഫാഷിസ്റ്റ് മനോഭാവമാണ് എസ്എഫ്‌ഐയുടെ പേക്കൂത്തുകള്‍ക്കു പിന്നിലുള്ളത്. അക്രമികള്‍ക്കെതിരേ സര്‍ക്കാര്‍ കൊടിയുടെ നിറം നോക്കി നടപടിയെടുക്കുന്ന കാരണത്താലാണ് ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ സിപിഎം അണികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എന്നതാണ് വസ്തുത.
ആഭ്യന്തര വകുപ്പിന്റെ പരാജയം കേരളത്തില്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പോലും ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല, ഭരണാനുകൂല്യത്തിന്റെ മറവില്‍ ഒരു വിഭാഗം നിയമം കൈയിലെടുക്കുമ്പോള്‍ മറുതലയ്ക്കല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏകപക്ഷീയമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു. ന്യൂനപക്ഷ സമുദായത്തിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വേട്ടയാടലുകള്‍ സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നത് ഇതിനു തെളിവാണ്. ന്യൂനപക്ഷ സമുദായത്തിനു ലഭിച്ചിരുന്ന ജോലിക്കുള്ള സംവരണം പോലും അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപ്രബോധകര്‍ക്കെതിരായി കേസുകള്‍ ചുമത്തി ജയിലിലടയ്ക്കുന്നു. ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ചു വേട്ടയാടി കരിനിയമങ്ങളില്‍ തളച്ചിടാനും ചില കോണുകളില്‍ നിന്ന് ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പാലക്കാട് പെരുവെമ്പ് പഞ്ചായത്തില്‍ വയോധികര്‍ക്കായി കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍ സിഐടിയു അധികം കൂലി ആവശ്യപ്പെട്ടതും കേരളത്തില്‍ നിയമവാഴ്ച തുടര്‍ച്ചയായി തകരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. സിപിഎം ഭരിക്കുന്ന പെരുവെമ്പ് പഞ്ചായത്തിലാണ് സിഐടിയു പ്രവര്‍ത്തകര്‍ മേലനങ്ങാതെ പണമൊപ്പിക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തിന്റെ പദ്ധതി പ്രകാരം വൃദ്ധര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച 124 കട്ടിലുകള്‍ ഇറക്കാന്‍ അമിത കൂലി വേണമെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. തൊഴില്‍ വകുപ്പിന്റെ കണക്കു പ്രകാരം ഒരു കട്ടിലിന് 25 രൂപയില്‍ താഴെ നല്‍കിയാല്‍ മതി. എന്നാല്‍, ഒരു കട്ടിലിന് 100 രൂപ വേണമെന്നായിരുന്നു സിഐടിയുവിന്റെ പിടിവാശി.
സര്‍ക്കാര്‍ പദ്ധതിയായിട്ടു പോലും ഈ നിലയില്‍ പെരുമാറിയ സിഐടിയുക്കാരുടെ സാധാരണക്കാരോടുള്ള സമീപനം എന്തായിരിക്കുമെന്ന് ഇതില്‍ നിന്നു ചിന്തിച്ചാല്‍ മതി. അടുത്തിടെ നോക്കുകൂലി സമ്പ്രദായത്തിനെതിരേ വാളെടുത്ത മുഖ്യമന്ത്രി ഈ വിഷയത്തിലും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
എഐവൈഎഫ് കൊടി നാട്ടി പണി തടസ്സപ്പെടുത്തിയ സാഹചര്യത്തില്‍ പുനലൂരിലെ പ്രവാസിയായിരുന്ന സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫിനെ കണക്കിനു വിമര്‍ശിക്കാനും മുഖ്യമന്ത്രി തയ്യാറായി. മറ്റു പാര്‍ട്ടികളുടെ വീഴ്ചകളില്‍ കര്‍ക്കശ നിലപാട് എടുക്കുന്ന മുഖ്യമന്ത്രി, സ്വന്തം അണികളുടെ നിയമലംഘനങ്ങളില്‍ ഇനിയെങ്കിലും മൗനം വെടിയേണ്ടത് അനിവാര്യമാണ്.
നോക്കുകൂലി, കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ വിതരണം ചെയ്യല്‍ തുടങ്ങിയ അനഭിലഷണീയ പ്രവണതകള്‍ തൊഴില്‍രംഗത്ത് വളര്‍ന്നുവരുകയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മ തന്നെയാണ്. വിദ്യാസമ്പന്നരില്‍ പോലും തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടി മുകളിലേക്ക് സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നുവെന്നത് ഞെട്ടിക്കുന്നതാണ്.
ദേശീയ ശരാശരി 3.90 ആണെങ്കില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 10.5 ആണ്. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരുടെ അനുപാതം ആ മേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാള്‍ കൂടുതലായത് തൊഴിലില്ലായ്മയുടെ തോത് ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു താഴോട്ടുള്ള തൊഴില്‍ മേഖലകള്‍ക്ക് ആവശ്യമായ തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ എണ്ണവും ദിനംപ്രതി കുറയുകയുമാണ്. ഇതു പല വിധത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടു വലിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ ഉല്‍പാദന-നിര്‍മാണ മേഖലകളിലെ വളര്‍ച്ചാ തോത് കുറഞ്ഞതും പുതിയ തൊഴിലവസരങ്ങള്‍ ആവശ്യാനുസരണം സൃഷ്ടിക്കാതെ പോകുന്നതും പ്രതിസന്ധിയുടെ തോത് ഉയര്‍ത്തുന്നു. സര്‍ക്കാര്‍ സര്‍വീസുകളിലെ ഒഴിവുകള്‍ യഥാസമയം റിപോര്‍ട്ട് ചെയ്യാതെ ഇഷ്ടക്കാരെ കരാര്‍ വ്യവസ്ഥയില്‍ തിരുകിക്കയറ്റുന്നതും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുകയാണ്. ഇന്നലെ കാലാവധി അവസാനിച്ച 2015 എല്‍ഡിസി റാങ്ക്‌ലിസ്റ്റില്‍ പോലും ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ നിയമനമാണ് നടന്നത്. ഇതു പരിഹരിക്കുന്നതിനായി നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി റിപോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും പല വകുപ്പുകളും ചെവിക്കൊണ്ടിട്ടില്ല. ഏകദേശം 950നടുത്ത് ഒഴിവുകള്‍ മാത്രമാണ് ഇതിനകം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.         ി

RELATED STORIES

Share it
Top