ഭരണത്തിനെതിരേയുള്ള സമരപ്പന്തലില്‍ ജനകീയ മുന്നണി ചെയര്‍മാന്‍

തേഞ്ഞിപ്പലം: സിപിഎം നേതൃത്വം നല്‍കുന്ന ജനകീയവികസനമുന്നണിയുടെ നേതൃത്വത്തിലുള്ള ചേലേമ്പ്ര പഞ്ചായത്ത് ഭരണസമിതിയില്‍ വിഭാഗീയത മറനീക്കിപുറത്ത്‌വന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പുതിയ അലൈന്‍മെന്റ് അട്ടിമറിച്ചത് പഞ്ചായത്ത്ഭരണസമിതിയുടെ ഒത്താശയോടെയാണെന്നാരോപിച്ച് ഗൃഹസംരക്ഷണസമിതി പഞ്ചായത്തോഫീസിന് മുമ്പില്‍ നടത്തിവരുന്ന സമരത്തിന്  ജനകീയവികസനമുന്നണിയുടെ ചെയര്‍മാന്‍ കൂടിയായ സി പി ഷബീറലി ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇന്നലെ പങ്കെടുത്തതാണ് ഭരണപക്ഷത്ത് അങ്കലാപ്പിനിടയാക്കിയത്.
ഭരണസമിതിയംഗമായ അസീസ് പാറയില്‍ കഴിഞ്ഞദിവസം സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണിത്. ഷബീറലി സമരപന്തലിലെത്തിയത് മുസ്‌ലിംലീഗിന്റെ നേതാക്കള്‍ക്കൊപ്പമായിരുന്നു. ലീഗ്‌വിമതരും ഇടതുപക്ഷവും ചേര്‍ന്ന് ജനകീയമുന്നണി രൂപീകരിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് ഷബീറലിയായിരുന്നു.
ഇദ്ദേഹത്തിന്റെ മനമാറ്റം ലീഗിനോടുള്ള മഞ്ഞുരുക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. അതെ സമയം ഭരണസമിതി ഇരകള്‍ക്കൊപ്പമാണെന്ന് പ്രസ്താവനയിറക്കിയിരുന്നെങ്കിലും പ്രസിഡന്റ് ഇതുവരെ സമരപ്പന്തലില്‍ എത്താത്തതില്‍ ഇരകള്‍ കടുത്ത അമര്‍ഷത്തിലാണ്.

RELATED STORIES

Share it
Top