ഭരണഘടനാ സ്ഥാപനങ്ങളെ മോദി നോക്കുകുത്തിയാക്കി: സ്വാമി അഗ്നിവേശ്

തിരുവനന്തപുരം: സുപ്രിംകോടതിയുടെ അധികാരത്തില്‍ കൈകടത്തുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും നോക്കുകുത്തിയാക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. വില്ലുവണ്ടിയാത്രയുടെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച 'നവോത്ഥാന സന്ദേശവും സമകാലികവും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
സുപ്രിംകോടതിയുടെ വിശ്വാസ്യതയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ജഡ്ജിമാര്‍ തന്നെയാണ് പറയുന്നത്. ദലിതര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്ന മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി യോജിച്ച മുന്നേറ്റം ശക്തിപ്പെടുത്തണം. സംഘടിത മതങ്ങളുടെയും ജാതികളുടെയും വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരേ ശക്തമായ  പ്രതിരോധം ഉയരണമെന്നും  അദ്ദേഹം പറഞ്ഞു. ജാതിയുടെയും ദൈവത്തിന്റെയും പേരിലുള്ള ചൂഷണം വര്‍ധിക്കുകയാണ്.
ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആര്‍ക്കുമില്ല. ഓരോരുത്തരും ഓരോ ജാതിയിലും മതത്തിലും ജനിക്കുന്നു. സ്വതന്ത്ര ചിന്തയ്ക്കു പോലും ഇവിടെ സ്ഥാനമില്ല. ജാതിക്കെതിരേ സംസാരിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പോലും ജാതിസംഘടനയുണ്ടാക്കി. പ്രതിഷ്ഠക്കെതിരേ  പോരാടിയ നവോത്ഥാന നായകനായിട്ടും ഗുരുവിന്റെ പ്രതിമയുണ്ടാക്കി ആരാധിക്കുന്നു. ഇത് കാപട്യമാണ്. ദലിതുകള്‍ എന്നതിനു വിശാലമായ അര്‍ഥമുണ്ട്. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും പിന്നാക്ക ന്യൂനപക്ഷങ്ങളും സ്ത്രീകളും ദലിതര്‍ എന്ന ഗണത്തില്‍പ്പെടും.
രാജ്യത്തെ 50 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനം ദലിതുകളുടേതിനു സമാനമാണ്. അതിനാല്‍, ദലിതരുടെ മോചനത്തിനായി സംഘടിതവും ശക്തവുമായ മുന്നേറ്റം വേണം. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top