ഭരണഘടനാ ബെഞ്ചിനെ ചൊല്ലി തര്‍ക്കം; ഇംപീച്ച്‌മെന്റ് ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യനായിഡു തള്ളിയതിനെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് ഹരജി തള്ളുകയാണെന്ന് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കി. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനായി രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഹരജി പിന്‍വലിച്ചത്.
രാവിലെ പത്തരയ്ക്ക് തുടങ്ങി 45 മിനിറ്റ് നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹരജി തള്ളിക്കളയാന്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊടുക്കാതെ പിന്‍വലിക്കാമെന്ന് ഹരജിക്കാര്‍ തീരുമാനിച്ചത്. തനിക്കെതിരായ ഹരജിയില്‍ ഏതു ബെഞ്ച് വാദം കേള്‍ക്കണമെന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ തീരുമാനമെടുത്തതാണ് ഹരജിക്കാര്‍ ഇന്നലെ ചോദ്യം ചെയ്തത്. ഹരജി ഭരണഘടനാ ബെഞ്ചിന് വിടാനുള്ള തീരുമാനത്തിന്റെ ഉത്തരവിന്റെ പകര്‍പ്പ് നല്‍കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.
കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിങ് ബാജ്‌വ, ആമി ഹര്‍ഷാദ്രേയ് എന്നിവരാണ് ഹരജി നല്‍കിയിരുന്നത്.  സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സീനിയോറിറ്റിയില്‍ ഏറെ താഴെ നില്‍ക്കുന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്ന് തിങ്കളാഴ്ച വൈകിയാണ് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ തീരുമാനത്തിനെതിരേയുള്ള ഹരജിയെക്കുറിച്ചു പരാമര്‍ശിച്ചപ്പോള്‍ ചൊവ്വാഴ്ച വരാനാണ് ഹരജിക്കാരോട് ജസ്റ്റിസ് ചെലമേശ്വര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍, അന്നു രാത്രിയോടെ തിടുക്കത്തില്‍ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡെ, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവരാണ് ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. ഭരണഘടനയിലെ 145(3) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്തത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവ് അനിവാര്യമാണ്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്നും ആ ഉത്തരവിന്റെ പകര്‍പ്പ് വേണമെന്നും കപില്‍ സിബല്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറാവാതെ വന്നപ്പോഴാണ് ഹരജി പിന്‍വലിക്കുന്നതായി സിബല്‍ അറിയിച്ചത്. ഇതോടെ വാദം കേള്‍ക്കുന്നത് അവസാനിപ്പിച്ച ഭരണഘടനാ ബെഞ്ച്, ഹരജി പിന്‍വലിക്കുന്നതുകൊണ്ട് തള്ളുന്നുവെന്ന് പ്രഖ്യാപിച്ച് തടിയൂരി.

RELATED STORIES

Share it
Top