ഭരണകൂടത്തിന് അവിശ്വാസപ്പേടി

സാധാരണനിലയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദകളും പാരമ്പര്യങ്ങളും അംഗീകരിക്കാനും അത് അംഗീകരിച്ചു പ്രവര്‍ത്തിക്കാനും ഭരണാധികാരികളും ഭരണകൂടങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാരണം, ഇത്തരം പാരമ്പര്യങ്ങളും മര്യാദകളും ജനാധിപത്യ സമ്പ്രദായത്തിന്റെ നിലനില്‍പിനു തന്നെ പ്രധാനമാണ്. ജനവിശ്വാസം നിലനിര്‍ത്താനും ജനപിന്തുണ ഉറപ്പുവരുത്താനും അത് അനിവാര്യവുമാണ്. മാത്രമല്ല, അത്തരം മര്യാദകളുടെ ലംഘനം തിരിച്ചടികള്‍ക്കു കാരണമായെന്നും വരാം. ഉദാഹരണത്തിന്, ഭരണകൂടത്തിന്റെ തെറ്റുകള്‍ ജുഡീഷ്യറി തിരുത്തുന്നത് സ്വാഭാവിക പ്രക്രിയയാണല്ലോ.
അങ്ങനെയുള്ള പശ്ചാത്തലത്തില്‍, ലോക്‌സഭയില്‍ രണ്ടാഴ്ചയിലേറെയായിട്ടും ഒരു അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും കഴിയുന്നില്ല എന്നത് അവിശ്വസനീയമായ കാര്യം തന്നെയാണ്. നിലവിലുള്ള സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് ലോക്‌സഭയില്‍ ആദ്യം പ്രമേയം കൊണ്ടുവന്നത് വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളാണ്. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കി. ഇപ്പോള്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കം നിരവധി കക്ഷികള്‍ തങ്ങളുടേതായ പ്രമേയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നത്തെ ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഒന്നോ രണ്ടോ കക്ഷികള്‍ ഒഴികെ മിക്കവാറും എല്ലാ കക്ഷികളും സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്.
സാധാരണനിലയില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് ലഭിച്ചാല്‍ മറ്റെല്ലാ സഭാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് പ്രമേയം ചര്‍ച്ച ചെയ്യണമെന്നതാണ് ചട്ടം. എന്നാല്‍, ഇത്തവണ പാര്‍ലമെന്റില്‍ സംഭവിക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്; പാര്‍ലമെന്ററി ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത നടപടികളും. രണ്ടാഴ്ചയായിട്ടും അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സഭയ്ക്ക് സാധിച്ചിട്ടില്ലെന്നത് ഇന്ത്യന്‍ ജനാധിപത്യം എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ സൂചന തന്നെയാണ്.
സഭ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നില്ല; അതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയുന്നില്ല എന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറയുന്നത്. നേരത്തേ പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തെ എഐഎഡിഎംകെയും ടിആര്‍എസും തങ്ങളുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭയില്‍ ബഹളം കൂട്ടിയിരുന്നു. ഇപ്പോള്‍ ടിആര്‍എസ് അംഗങ്ങള്‍ അത്തരം പ്രവൃത്തികളില്‍ നിന്നു മാറിനില്‍ക്കുകയാണെങ്കിലും എഐഎഡിഎംകെയുടെ അംഗങ്ങള്‍ സഭാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ്. അതിനാല്‍, സാങ്കേതികമായി അവിശ്വാസ പ്രമേയ ചര്‍ച്ചയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാദം.
വാസ്തവത്തില്‍ ഭരണകക്ഷിയായ ബിജെപി അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത് ഒഴിവാക്കാന്‍ ഹീനതന്ത്രങ്ങള്‍ പയറ്റുകയാണ്. സ്പീക്കറുടെ നടപടികള്‍ അവര്‍ക്ക് സഹായകമായ മട്ടിലാണുതാനും. ബിജെപിയുടെ ഭരണരംഗത്തെ പരാജയങ്ങളും പൊതുവില്‍ രാഷ്ട്രീയരംഗത്തെ ഒറ്റപ്പെടലും ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള ഈ നീക്കം തീര്‍ത്തും ഗര്‍ഹണീയം തന്നെ.

RELATED STORIES

Share it
Top