ഭണ്ഡാര-ഗോണ്ടിയയിലെ 12 ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

ഭണ്ഡാര: മഹാരാഷ്ട്രയില്‍ ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ 12 ഗ്രാമങ്ങളിലെ ജനങ്ങള്‍ തീരുമാനിച്ചു. മതിയായ ജലസേചന സൗകര്യം വേണമെന്ന തങ്ങളുടെ ആവശ്യത്തിനു പ്രതികരണമൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചത്.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എല്ലാ തിരഞ്ഞെടുപ്പുകളും ബഹിഷ്‌കരിക്കാന്‍ നേരത്തേ ഗ്രാമസഭ തീരുമാനിച്ചിരുന്നു. ഈ മാസം 28നാണ് ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്.
ബാവന്തടി പ്രകല്‍പ് സംഘര്‍ഷ് സമിതിയുടെ ബാനറില്‍ സംഘടിച്ചിരിക്കുകയാണു ഗ്രാമീണര്‍. സര്‍ക്കാരിന്റെ ബാവന്തടി ജലസേചനപദ്ധതിക്ക് കീഴില്‍ ഗ്രാമങ്ങളില്‍ മതിയായ ജലം എത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് മാര്‍ച്ചില്‍ പരാതി നല്‍കിയിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ ബലകൃഷ്ണ ഗധ്‌വെ പറഞ്ഞു. എന്നാല്‍, ജില്ലാ ഭരണകൂടമോ സര്‍ക്കാരോ ആവശ്യങ്ങള്‍ ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ്പൂര്‍, പവനര്‍ഖരി, ഗോബര്‍വാഹി, യെദര്‍ബച്ചി, സുന്ദര്‍തോല, സീതാസാവംഗി, ഗുദ്രി, ഖണ്ഡല്‍, സോധേപൂര്‍, ഹേതി, ഭംനേവാഡ, ഖെയര്‍തോല എന്നീ ഗ്രാമങ്ങളിലെ വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. ഈ ഗ്രാമങ്ങളിലെ ജനസംഖ്യ 30,000ഓളം വരും.
ഗ്രാമീണരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗോണ്ടിയയുടെയും ഭണ്ഡാരയുടെയും ചുമതല വഹിക്കുന്ന ജില്ലാ കലക്ടര്‍ അഭിമന്യു കലെ പറഞ്ഞു.

RELATED STORIES

Share it
Top