ഭക്ഷ്യ വിഷബാധ: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50 ഓളം വിദ്യാര്‍ഥികളെ ഞായറാഴ്ച രാത്രിയും ഇന്നലെയുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും പനിയും തലവേദനയും തലകറക്കവും അനുഭവപ്പെട്ട് അവശരായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടികള്‍ക്കാണ് ഞായറാഴ്ച പകല്‍ ഛര്‍ദ്ദിയും പനിയും തലകറക്കവും അനുഭവപ്പെട്ടത്.
ശനിയാഴ്ച രാത്രി ചപ്പാത്തിയും കടലക്കറിയുമായിരുന്നു കുട്ടികള്‍ കഴിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ഹോസ്റ്റലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വാട്ടര്‍ പ്യൂരിഫെയര്‍ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്നു. അതിലെ വെള്ളം ഉപയോഗിച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
ഞായറാഴ്ച പ്രാഥമിക ശുശ്രൂഷ നല്‍കി കുട്ടികളെ വിട്ടയച്ചിരുന്നു. എന്നാല്‍ ഇന്നലെ കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ കുട്ടികള്‍ പരീക്ഷ ഹാളില്‍ തല കറങ്ങിയതിനെ തുടര്‍ന്ന് അവശരായി. പ്രിയ(13), ശരണ്യ(13), കെ നവ്യ (16), മനീഷ(13), ശാരി(16), പ്രതിഭ(13), അനന്യ(13), കൃഷ്ണപ്രിയ (11), ശരണ്യ(14), പി നവ്യ (16), അഭിരാമി(16) കൃഷ്ണപ്രിയ(16), അഞ്ജു(16), വിഷ്ണുപ്രിയ(12) എന്നിവരെയാണ് ഇന്നലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ആശുപത്രിയില്‍ എത്തി നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്്ടര്‍ സ്ഥലത്ത് എത്തിയിരുന്നു.
കുട്ടികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത കൂടുതലായതിനാല്‍ ഹോസ്റ്റല്‍ മേട്രണ്‍ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു.
ഭക്ഷ്യ വിഷബാധ ശ്രദ്ധയില്‍ പെട്ടിട്ടും ആരോഗ്യ വകുപ്പ് വേണ്ടത്ര ഗൗരവത്തില്‍ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ കലക്്ടര്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടി.

RELATED STORIES

Share it
Top