ഭക്ഷണശീലങ്ങള്‍

ഇത് തടിമാടന്മാരുടെ ലോകമാണ്. അമിത ഭക്ഷണമാണ് തടി കൂടുന്നതിനു കാരണം എന്നതില്‍ ആര്‍ക്കുമില്ല തര്‍ക്കം. പക്ഷേ, ഏതു തരം ഭക്ഷ്യവിഭവങ്ങളാണ് മനുഷ്യരുടെ തടി കൂടാനും തൂക്കം അമിതമായി വര്‍ധിക്കാനും കാരണം എന്നു കണ്ടെത്തുന്നതാണ് പ്രശ്‌നം. കണ്ടുപിടിക്കാന്‍ വഴിയില്ലാഞ്ഞിട്ടല്ല. വിവിധ തരം വിഭവങ്ങള്‍ സ്ഥിരമായി നല്‍കി അത് അവരുടെ ശരീരപ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കിയാല്‍ മതി. പക്ഷേ, അത്തരമൊരു പരീക്ഷണം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. മനുഷ്യരില്‍ അങ്ങനെ പരീക്ഷണം നടത്താനാവില്ല. കാരണം, അമിത വണ്ണം വന്നാല്‍ അത് അത്യാപത്താകും.
അതിനാല്‍, ഈയിടെ ചില ഗവേഷകര്‍ പരീക്ഷണം നടത്തിയത് എലികളിലാണ്. വിവിധ വിഭവങ്ങള്‍ ഇഷ്ടം പോലെ നല്‍കി എലികളെ നിരീക്ഷിച്ചു. മൂന്നു മാസക്കാലമാണ് എലികളില്‍ പരീക്ഷണം നടത്തിയത്. എലികളുടെ ജീവിതത്തിലെ മൂന്നു മാസം എന്നത് മനുഷ്യരുടെ ജീവിതത്തിലെ ഒമ്പതു വര്‍ഷത്തിനു തുല്യമാണ്. അതില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഈയിടെ സെല്‍ മെറ്റബോളിസം എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ വന്നിട്ടുണ്ട്. പഠനം പറയുന്നത്, മധുരം മാത്രം കഴിച്ചാല്‍ അത് ശരീരഘടനയില്‍ കാര്യമായ മാറ്റം വരുത്തുന്നില്ലെന്നാണ്. ഒരു പരിധിക്കപ്പുറം മധുരം കഴിക്കാനാവില്ല എന്നതുതന്നെ കാരണം. പ്രോട്ടീന്‍ ഘടകങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. പക്ഷേ, കൊഴുപ്പ് അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. അത് വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നും. ആള്‍ റബര്‍പന്ത് വീര്‍ക്കുന്നതുപോലെ വീര്‍ക്കുകയും ചെയ്യും.

RELATED STORIES

Share it
Top