ഭക്ഷണത്തില്‍ മായം: ജി വി രാജ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാറ്റി

തിരുവനന്തപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയതിനു പിന്നാലെ ജി വി രാജ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി എസ് പ്രദീപിനെ മാറ്റിയത്. പകരം പ്രിന്‍സിപ്പലിനെ നിയമിച്ചിട്ടില്ല. ഭക്ഷണത്തില്‍ പ്രിന്‍സിപ്പലാണ് മായം കലര്‍ത്തുന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രിന്‍സിപ്പലിനെ അനുസരിക്കാത്ത വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിലുണ്ടായിരുന്നു.
ഭക്ഷ്യവിഷബാധയുണ്ടായി നിമിഷങ്ങള്‍ക്കകം ഭക്ഷണം നശിപ്പിക്കുകയായിരുന്നു പതിവ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വെള്ളം മാത്രമാണ് ഇതുവരെ പരിശോധനയ്ക്ക് അയക്കാനായത്. അതിനാല്‍ ഭക്ഷ്യവിഷബാധയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹോസ്റ്റലില്‍ നൂറിലേറെ കുട്ടികളുണ്ടെങ്കിലും മുപ്പതോളം പേര്‍ക്കു മാത്രമാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവത്തില്‍ ഭക്ഷ്യവിഷബാധയുണ്ടായത്. ഒരു വിഭാഗം കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നതും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നതിന് തെളിവായി സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പ്രിന്‍സിപ്പലും ഇതരജീവനക്കാരും ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്ന സ്‌കൂളില്‍ ഏറ്റവുമൊടുവില്‍ ഭക്ഷ്യവിഷബാധ ഉണ്ടായശേഷം 15 ഹോസ്റ്റല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സി എസ് പ്രദീപില്‍ നിന്ന് അടുത്തദിവസം തന്നെ മൊഴിയെടുക്കും.
അതേസമയം, സ്‌കൂളിലെ ഭക്ഷ്യവിഷബാധയെപ്പറ്റി പോലിസ് ഉന്നതതല അന്വേഷണം വേണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശുപാര്‍ശ കായികവകുപ്പ് പൂഴ്ത്തി. ജൂണ്‍ 19നുണ്ടായ ഭക്ഷ്യവിഷബാധയ്ക്കു പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കായികവകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. ഭക്ഷ്യവസ്തുക്കളില്‍ അപാകത കണ്ടെത്താത്ത സ്ഥിതിക്ക് വിഷബാധ അട്ടിമറിയാണെന്ന നിഗമനത്തിലാണ് അന്വേഷണം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പുള്ള ആവശ്യം കായിക വകുപ്പ് ഇതുവരെ പോലിസിന് കൈമാറിയിട്ടില്ല.

RELATED STORIES

Share it
Top