ഭക്ഷണത്തിന്റെ രാഷ്ട്രീയം ഭൂരിപക്ഷത്തിന്റേത്: കാനം രാജേന്ദ്രന്‍കൊല്ലം: ഭക്ഷണത്തിന്റെ രാഷ്ട്രീയം ന്യൂനപക്ഷത്തിന്റേതല്ല, മറിച്ച് ഭൂരിപക്ഷത്തിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മാംസാഹാരം കഴിക്കുന്നവരാണെന്ന സാഹചര്യത്തില്‍ ഭക്ഷണപ്രശ്‌നം ന്യൂനപക്ഷത്തിന്റേതാക്കി വളച്ചൊടിക്കുന്ന സമീപനത്തിനെതിരേ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി കച്ചവടവും ഇറച്ചിവിപണനവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ എല്‍ഡിഎഫ് ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏത് നിയമമുണ്ടായാലും അത് മറികടന്ന് ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവഫാഷിസത്തിലേക്കാണ് അവര്‍ നീങ്ങുന്നത്. ആഹാരത്തിനുവേണ്ടി മൃഗത്തെ കൊല്ലാമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇറച്ചിവിപണത്തിനുമേല്‍ നിയന്ത്രണം കൊണ്ടുവന്നത്. ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തെ വളഞ്ഞവഴിയിലൂടെ നിയന്ത്രണം കൊണ്ടുവന്ന് രാജ്യത്തിന്റെ മേല്‍ ഭീതി അടിച്ചേല്‍പ്പിക്കുകയാണ്. ഇത്തരം നിയമങ്ങള്‍ക്ക് ഭരണഘടനയുടെ അംഗീകാരം കിട്ടില്ലെന്നറിഞ്ഞുകൊണ്ട് തന്നെ സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന അജണ്ടയുടെ കൂടെയാണ് തങ്ങളെന്ന് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍, മോഹന്‍ലാല്‍, വേങ്ങയില്‍ ഷംസ്, എന്‍ എസ് വിജയന്‍, സോമരാജന്‍, ആര്‍ കെ ശശിധരന്‍പിള്ള സംസാരിച്ചു.

RELATED STORIES

Share it
Top