ബ്ലേഡുകാരന്‍ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കുമെന്ന് കര്‍മസമിതി

കല്‍പ്പറ്റ: ബ്ലേഡുകാരന്‍ നിര്‍ധന കുടുംബത്തില്‍ നിന്ന് തട്ടിയെടുത്ത 1.89 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് കണിയാമ്പറ്റ പറളിക്കുന്നിലെ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പറളിക്കുന്ന് സ്വദേശിയായ പാമ്പറമ്പില്‍ മുനീറിന്റെയും ഭാര്യയുടെയും പേരിലുള്ള ഭൂമിയാണ് കല്‍പ്പറ്റ നഗരത്തിലെ ബ്ലേഡുകാരനും ഭാര്യയും ചേര്‍ന്നു തട്ടിയെടുത്തത്.
ഗള്‍ഫില്‍ ഹോട്ടല്‍ നടത്തിവന്ന മുനീര്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ബ്ലേഡുകാരന്റെ കെണിയില്‍ പെട്ടത്. മുട്ടില്‍ വില്ലേജിലെ 25 സെന്റ് സ്ഥലവും കണിയാമ്പറ്റ വില്ലേജിലെ 1.5 ഏക്കര്‍ ഭൂമിയും വെങ്ങപ്പള്ളി വില്ലേജിലെ 14 സെന്റ് സ്ഥലവും ഇന്നോവ കാറുമാണ് ഇയാള്‍ തട്ടിയെടുത്തത്. നാട്ടിലെത്തിയ മുനീറിന് പ്രമേഹം ബാധിച്ചു. ഇതിനിടെ കാഴ്ചയും നഷ്ടപ്പെട്ടു. ഇപ്പോള്‍ കല്‍പ്പറ്റയില്‍ ചികില്‍സയിലാണ്.
മുനീറിനെയും കുടുംബത്തെയും സഹായിക്കാനായി പറളിക്കുന്നില്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് കര്‍മസമിതി രൂപീകരിച്ചത്.
സര്‍വകക്ഷി ഭാരവാഹികള്‍ കല്‍പ്പറ്റ എഎസ്പിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, എഎസ്പി ഓഫിസില്‍ നിന്ന് പാമ്പറമ്പില്‍ മുനീറിനെ ഫോ ണ്‍ ചെയ്ത് വിലപേശല്‍ നടത്തുകയാണെന്നു കര്‍മസമിതി ഭാരവാഹികള്‍ ആരോപിച്ചു.
പ്രകാശ് കാവുമുറ്റം, മായന്‍ സിദ്ദിഖ്, വി പി യൂസുഫ്, പി ഇ ജോര്‍ജ്കുട്ടി, എ മോഹനന്‍, സന്തോഷ് പൂന്തോട്ടം, ഇ പി ഫിലിപ്പ്കുട്ടി, പി ഹനീഫ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top