ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയിക്കുമോ? ഐഎസ്എല്ലില്‍ കരുത്തര്‍ക്ക് കാലിടറുന്ന


കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കരുത്തര്‍ക്ക് കാലിടറുന്നു. മുന്‍വര്‍ഷങ്ങളില്‍ പിന്നോക്കം പോയവരും നവാഗതരുമെല്ലാം ലീഗില്‍ കരുത്തു കാട്ടുമ്പോള്‍  നിലവിലെ ജേതാക്കളും നിലവിലെ ഫൈനലിസ്റ്റുകളും ഒരു ജയം പോലും നേടാനാവാതെ വിയര്‍ക്കുകയാണ്. മല്‍സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. ഹീറോ ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ചരിത്രത്തിനിടെ രണ്ടു തവണയും ഫൈനലിസ്റ്റുകളായ ടീമുകള്‍ക്കാണ് ഈ ദുര്യോഗം.  നിലവിലെ ചാംപ്യന്മാരായ എടികെക്കും റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിനുമാണ് ഒരു ജയം പോലും നേടാന്‍ കഴിയാതെ പോവുന്നത്. രണ്ടു ടീമുകള്‍ക്കും വിജയിക്കാന്‍ കഴിയുന്നില്ല എന്നതിനോടൊപ്പം തന്നെ ഗോള്‍ നേടുവാനും ഇവര്‍ക്ക് കഴിയുന്നില്ല. ഇതിനകം ഇരുടീമുകളും നേടിയത് കേവലം മൂന്നു ഗോള്‍ വീതമാണ്. അതേസമയം 13 ഗോളുകള്‍ വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. (എടികെക്കെതിരെ ഏഴ് ഗോളുകളും ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആറ് ഗോളുകളും). നിലവിലെ ചാംപ്യന്മാര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എടികെയേക്കാള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് സ്ഥാനം മുന്നില്‍ എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇതിനകം കളിച്ച നാല് മല്‍സരങ്ങളില്‍ ബ്ലാസറ്റേഴ്‌സിന് മൂന്നു തവണയും എടികെക്ക്് രണ്ടു തവണയും എതിരാളികളുമായി സമനില പങ്കുവെച്ചു പിരിയേണ്ടിയും വന്നു.  നാലാം റൗണ്ട് അവസാനിക്കുമ്പോള്‍ മൊത്തം പാസുകളുടെ എണ്ണത്തില്‍ (1888 പാസുകള്‍) എടികെ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് ( 1637പാസുകള്‍) എഴാം സ്ഥാനത്തും നില്‍ക്കുന്നു. രണ്ട് ടീമുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം ഗോള്‍ മുഖത്തേക്കു കടന്നാല്‍ ലക്ഷ്യം നേടുന്നതില്‍ സംഭവിക്കുന്ന പരാജയമാണ്. എടികെ 41 തവണ ഷോട്ടുകള്‍ ഉതിര്‍ത്തുവെങ്കിലും നേടിയത് കേവലം മൂന്നു ഗോളുകള്‍ മാത്രമാണ്.  രണ്ട് തവണ ചാംപ്യന്‍മാരായ എടികെക്ക് മാര്‍ക്വിതാരം റോബി കീനിനെ കൂടാതെ കളിക്കേണ്ടി വരുന്നതാണ് പ്രധാന പോരായ്മയാവുന്നത്. പരുക്കേറ്റ കളിക്കാരുടെ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന യുജീന്‍സണ്‍ ലിങ്‌ദോയാണ്. അതേ സമയം കഴിഞ്ഞ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌ട്രൈക്കര്‍ ദിമിതാര്‍ ബെര്‍ബച്ചോവ് പരുക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്‌സിനു എറ്റ പ്രധാന തിരിച്ചടി.  വമ്പന്‍മാര്‍ പതറുന്ന ഹീറോ ഐഎസ്എല്ലിന്റെ കഴിഞ്ഞ നാല് ആഴ്ചകള്‍ നല്‍കുന്ന യാഥാര്‍ത്ഥ്യം ഒരു ടീമും ദുര്‍ബലരല്ലെന്നാണ്. അതേപോലെ വന്‍ ശക്തിയായി ഒരു ടീമും ഇല്ലെന്നും കഴിഞ്ഞ മല്‍സരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന് ആശ്വാസ ജയം തേടി ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ്.

RELATED STORIES

Share it
Top