ബ്ലാസ്‌റ്റേഴ്‌സിന് എടികെ ടൈ


കൊല്‍ക്കത്ത: സൂപ്പര്‍ താരങ്ങളായ ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനും ഇല്ലാതെ  ആ വിടവ് നികത്താന്‍ സാക്ഷാല്‍ ബെര്‍ബറ്റോവിനെ കളത്തിലിറക്കി കളിച്ച ബ്ലാസ്റ്റേഴ്‌സിന് എടികെക്കെതിരേ 2-2ന്റെ സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടി വന്നു. ഒരു മാസത്തോളം ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിന്ന് മാറി നിന്ന ബെര്‍ബറ്റോവ് ഇന്നലെ കളത്തിലിറങ്ങിയപ്പോള്‍ ഒരു ഗോളുമായാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവര്‍ന്നത്. അവസാന മല്‍സരത്തില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തിയതു പോലെ കൊല്‍ക്കത്തയെയും അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. എന്നാല്‍ സീസണില്‍ മുമ്പൊങ്ങും കണ്ടിട്ടില്ലാത്ത പ്രതിരോധവും മുന്നേറ്റവും കൊണ്ട് എടികെ നിറഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം നിഷേധിക്കുകയായിരുന്നു. ബാല്‍ഡ് വിന്‍സന് ആക്രമണച്ചുമതലയേല്‍പ്പിച്ച് കോച്ച് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിനെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ എടികെയെ 4-3-3 എന്ന ശൈലിയിലാണ് ആഷ്‌ലി വെസ്റ്റ് വുഡ് വിന്യസിപ്പിച്ചത്. കൊല്‍ക്കത്തയുടെ പ്രതിരോധപ്പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ അനായാസമാക്കിയത്. കളിയില്‍ കൊല്‍ക്കത്തയെക്കാള്‍ ആധിപത്യത്തോടെ വാണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 33ാം മിനിറ്റില്‍ ഐസ്ലന്‍ഡ്് മുന്നേറ്റ താരം ബാല്‍ഡ് വിന്‍സനാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. മലയാളി താരം കെ പ്രശാന്തിന്റെ    അസിസ്റ്റിലായിരുന്നു ആ ഗോള്‍. പക്ഷേ,  ബ്ലാസ്റ്റേഴ്‌സിന് തലവേദന നല്‍കി 38ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ റയാന്‍ ടെയ്‌ലറിന്റെ ഗോളിലൂടെ എടികെ സമനില പിടിച്ചു. പിന്നീട് തുടങ്ങിയ രണ്ടാം പകുതിയില്‍ ഗോളിന് വേണ്ടി വിയര്‍ത്തു കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ നല്‍കി ബെര്‍ബറ്റോവ്. 55ാം മിനിറ്റില്‍ മികച്ചൊരു ഷോട്ടോടെയാണ് ബെര്‍ബറ്റോവ്  ആ ദൗത്യം സഫലീകരിച്ചത്. ആദ്യ ഗോളിയുടെ ഉടമസ്ഥന്‍ ബാല്‍ഡ് വിന്‍സണ്‍ ഇക്കുറി വഴികാട്ടിയുടെ രൂപത്തിലുമെത്തി. പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് എടികെ സമനില കണ്ടെത്തി. 75ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ടോം തോര്‍പ്പെയുടെ ഗോളായിരുന്നു കൊല്‍ക്കത്തയ്ക്ക് ആശ്വാസം നല്‍കിയത്.  പിന്നീട് ഒരു ഗോളിനു വേണ്ടി വിയര്‍ത്തു കളിച്ച ബ്ലാസ്റ്റേഴ്്‌സിന് അവസാന വിസിലും മുഴങ്ങിയതോടെ 2-2 ന്റെ സമനിലയോടെ കൊല്‍ക്കത്തയ്ക്ക് സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വിടേണ്ടി വന്നു. സമനിലയോടെ ബ്ലാസ്‌റ്റോഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 14 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് സമനിലയും നാല് തോല്‍വിയുമടക്കം 21 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. അതേസമയം, 13 പോയിന്റുള്ള എടികെ എട്ടാം സ്ഥാനത്താണ്.

RELATED STORIES

Share it
Top