ബ്ലാസ്റ്റേഴ്‌സിന്റെ കപ്പിത്താനായി ഡേവിഡ് ജെയിംസ് തുടരും; പുതിയ കരാര്‍ മൂന്ന് വര്‍ഷത്തേക്ക്‌
കൊച്ചി: പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് 2021വരെ നീട്ടി. ഇന്ത്യര്‍ സൂപ്പര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീം സൂപ്പര്‍ കപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പരിശീലകനായി വീണ്ടും തെരഞ്ഞെടുത്തതിലുള്ള നന്ദിയുണ്ടെന്ന് ഡേവിഡ് ജെയിംസ് പ്രതികരിച്ചു. കളികളത്തില്‍ മികച്ച പ്രകടനം നടത്തുന്നതിന് ടീമിനെ പ്രാപ്തരാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഫുട്‌ബോളിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കുവാന്‍ കളിക്കാര്‍ക്കൊപ്പം താനും ബാധ്യസ്ഥനാണ്. സീസണില്‍ പ്ലേ ഓഫ് കളിക്കാനാകാത്തതില്‍ നീരാശയുണ്ട്. എങ്കിലും വരുന്ന മല്‍സരങ്ങളില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതില്‍ ഡേവിഡ് കാഴ്ച്ചവച്ച മികവാണ് കരാര്‍ പുതുക്കുവാന്‍ കാരണമായതെന്ന് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് സി ഇ ഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. വരുന്ന മല്‍സരങ്ങളില്‍ ജെയിംസിന് കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വരുണ്‍ പറഞ്ഞു. ടീമിന്റെ സഹപരിശീലകന്‍ ഹെര്‍മന്‍ ഹ്രിഡാര്‍സനിനെയും നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നാലാം സീസണിന്റെ ഇടയ്ക്ക് വച്ച് കോച്ച് റിനെ മ്യൂലന്‍സ്റ്റിന്‍ പരിശീലക സ്ഥാനം രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പരിശീലകന്റെ റോളില്‍ കൂടാരത്തിലെത്തിക്കുന്നത്. തുടര്‍ തോല്‍വികളില്‍ പെട്ട് ലീഗില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തില്‍ നിന്ന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുവാന്‍ ജെയിംസിന്റെ സാനിധ്യം ടീമിനെ സഹായിച്ചു. ആദ്യം മുതല്‍ക്കെ ഡേവിഡ് ജെയിംസ് പരിശീലകനായിരുന്നെങ്കില്‍ ടീം പ്ലേ ഓഫ് കളിക്കുമായിരുന്നുവെന്ന് ആരാധകരും വിശ്വസിക്കുന്നു. ലീഗ് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനും യോഗ്യത നേടിയിരുന്നു.  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ ടീമിന്റെ പരിശീലകനും മാര്‍ക്വി താരവുമായിരുന്നു ഡേവിഡ് ജെയിംസ് എന്ന ഇംഗ്ലിഷ് ഗോള്‍ കീപ്പര്‍. ആ സീസണില്‍ ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജെയിംസ് പിന്നീട് ഈ സീസണിലാണ് കേരളത്തിനൊപ്പമെത്തുന്നത്. ഇതിനിടയില്‍ ടീമിലെ സൂപ്പര്‍താരമായിരുന്ന ബെര്‍ബറ്റോവ് കോച്ച് ഡേവിഡ് ജെയിംസിനെതിരെ ആരോപണവുമായി രംഗത്തെത്തി. താന്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്നായിരുന്നു ബെര്‍ബറ്റോവിന്റെ കമന്റ്. ഇന്‍സ്റ്റഗ്രാമിലാണ് ബെര്‍ബറ്റോവ് കോച്ചിനെതിരെ നിലപാട് സ്വീകരിച്ചത്. ഇതിനെ ചൊല്ലി വിവാദം ചൂട് പിടിക്കുന്നതിനിടയിലാണ് പരിശീലകനായി ഡേവിഡ് ജെയിംസിന്റെ കാലാവധി ടീം മാനേജ്‌മെന്റ് മൂന്ന് വര്‍ഷത്തേക്ക് നീട്ടിയത്.

RELATED STORIES

Share it
Top