ബ്ലാക്ക് ഡോളര്‍ തട്ടിപ്പ് കണ്‍കെട്ടു വിദ്യയെന്നു പോലിസ്‌

പെരിന്തല്‍മണ്ണ: ബ്ലാക്ക് ഡോളര്‍ തട്ടിപ്പ് സംഘം കാണിക്കുന്ന പേപ്പര്‍ കെമിക്കല്‍പൊടിയും രാസലായനിയും പുരട്ടി ഡോളറാക്കി മാറ്റുന്നത് ഒരു കണ്‍കെട്ട് വിദ്യയെന്ന്്് പോലിസ്. പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസിന്റെ പിടിയിലായ ആലിപ്പറമ്പ് പള്ളിക്കുന്ന് സ്വദേശി പൂവണത്തുംമൂട്ടില്‍ സൈനുദ്ദീന്‍ (60), തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി കാരക്കടവീട്ടില്‍ ജയന്‍ (53) എന്നിവരില്‍ നിന്നാണ് ബ്ലാക്ക് ഡോളര്‍ തട്ടിപ്പ് കണ്‍കെട്ട് വിദ്യയാണെന്ന്്് പോലിസ് കണ്ടെത്തിയത്്. പെരിന്തല്‍മണ്ണയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. ആളുകള്‍ക്കു മുമ്പില്‍വച്ച് പരസ്യമായി ഈ മാജിക് ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരാണിത് ചെയ്യുന്നത്. ഈ മാജിക്ക് കണ്ട് വിശ്വസിച്ച് കെമിക്കല്‍ പദാര്‍ഥങ്ങളും ബ്ലാക്ക് പേപ്പറും വന്‍ വിലകൊടുത്തുവാങ്ങി വീട്ടില്‍ വന്ന് പരീക്ഷിച്ചു നോക്കുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി ആളുകള്‍ മനസ്സിലാക്കുന്നത്. സംഘം പെരിന്തല്‍മണ്ണയില്‍ തട്ടിപ്പ് നടത്തുന്നതായ രഹസ്യ വിവരത്തില്‍ മഫ്ടിയില്‍ ഇടപാടുകാരായിപോയ ഷാഡോ പോലിസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബ്ലാക്ക് പേപ്പര്‍ കെട്ടുകളും അമേരിക്കന്‍ ഡോളറുകളും പ്രതികളില്‍നിന്നു കണ്ടെടുത്തു. പ്രതികള്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നതുവരെ തട്ടിപ്പിനിരയാവുന്നവര്‍ക്ക് മനസ്സിലാവാത്തവിധത്തില്‍ വളരെ വിദഗ്ധമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റിലും മറ്റും പണമിടപാട് നടത്തുന്നവരേയും സംഘത്തിലെ ജയന്‍ വിജിലന്‍സ് ഓഫിസറാണെന്ന്് സ്വയം പരിചയപ്പെടുത്തി ബന്ധപ്പെടുന്നു.
പിന്നീട് കൂടുതല്‍ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇത്തരത്തിലുള്ള അമേരിക്കന്‍ ബ്ലാക്ക് പേപ്പര്‍ തങ്ങളുടെ കൈവശമുണ്ടെന്നും മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്നതിനുവേണ്ടിയാണ് തിരിച്ചറിയാനാവാത്ത വിധത്തില്‍ ഡോളര്‍ ബ്ലാക്ക് പേപ്പറായി മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നും പറയും.
ഒരു പ്രത്യേക കെമിക്കല്‍ പദാര്‍ഥം ഉപയോഗിച്ച് കഴുകിയാല്‍ ഈ ബ്ലാക്ക് പേപ്പര്‍ ഡോളര്‍ ആയി മാറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇത്തരത്തിലുള്ള ബ്ലാക്ക് പേപ്പറിന്റെ കെട്ടുകള്‍ നല്‍കി വിപണി മൂല്യത്തിന്റെ പകുതി വില നല്‍കിയാല്‍ ഡോളറാക്കി മാറ്റാനുള്ള കെമിക്കല്‍ പദാര്‍ഥം എത്തിച്ചുകൊടുക്കാമെന്നും പറഞ്ഞ് പണം വാങ്ങുന്നു.  ഇത്തരത്തില്‍ സമാന തട്ടിപ്പ് സംസ്ഥാനത്ത്്് സംഘം നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്നും ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു.

RELATED STORIES

Share it
Top