ബ്രെക്‌സിറ്റ്: മുന്നോട്ടു പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ല- ട്രംപ്‌

ലണ്ടന്‍: ബ്രിട്ടനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബ്രിട്ടനില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപ് ദ സണ്‍ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് നടപ്പാവുകയാണെങ്കില്‍ യുകെയ്ക്കു പകരം യൂറോപ്യന്‍ യൂനിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ബ്രെക്‌സിറ്റ് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കു സഹായകമാവുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്. ട്രംപുമായി ചര്‍ച്ച നടത്തുന്നത് തെരേസ മേയ് കാത്തിരിക്കുകയാണെന്നും യോജിച്ച തീരുമാനം വിഷയത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ട്രംപ് ബ്രിട്ടിഷ് പ്രധാനമന്ത്രിക്കെതിരേ മോശമായി ഒന്നും തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്നും അവരെ വളരെയധികം ബഹുമാനിക്കുന്നുവെന്നാണ് പറഞ്ഞതെന്നും വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.

RELATED STORIES

Share it
Top