ബ്രെക്‌സിറ്റ് പ്രതിസന്ധി

യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങളില്‍ നിന്നും കര്‍ശന നിബന്ധനകളില്‍ നിന്നും വിമോചനം നേടാനാണ് രണ്ടു വര്‍ഷം മുമ്പ് ബ്രിട്ടന്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വിധിയെഴുതിയത്. യൂനിയനിലെ അംഗരാജ്യങ്ങള്‍ക്ക് പരസ്പരമുള്ള വ്യാപാരബന്ധങ്ങളില്‍ വലിയ നേട്ടമുണ്ടാകും. എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ തടസ്സമില്ലാതെ പ്രവേശിക്കാം; ജോലി തേടാം.
ഇതൊന്നും ബ്രിട്ടനു വേണ്ടെന്നാണ് അവര്‍ നിശ്ചയിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ തീരുമാനിച്ചു. പക്ഷേ, ഇറങ്ങിപ്പോരല്‍ എളുപ്പമല്ല. പതിറ്റാണ്ടുകളായുള്ള ബന്ധങ്ങളാണ്. അത് അറുത്തു മുറിച്ചെറിയാന്‍ നോക്കുമ്പോഴാണ് പല വിധ തടസ്സങ്ങള്‍. പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞയാഴ്ചയാണ് തന്റെ നയങ്ങള്‍ വ്യക്തമാക്കിയത്. ബ്രെക്‌സിറ്റിനു ശേഷവും വ്യാപാരബന്ധങ്ങള്‍ തുടരാനും നിയമ നടപടികള്‍ അംഗീകരിക്കാനുമാണ് അവരുടെ നീക്കം.
ഇത് വഞ്ചനയാണ് എന്നു പറഞ്ഞുകൊണ്ട് മൂന്നു മന്ത്രിമാര്‍ രാജിവച്ചുകഴിഞ്ഞു. ബ്രെക്‌സിറ്റിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയുടെ രാജി ബ്രിട്ടന്‍ നേരത്തേ കണ്ടതാണ്. ഇപ്പോള്‍ തെരേസ മെയ് പുറത്തുപോകേണ്ടിവരുമോ എന്നതാണ് ചോദ്യം. ഏതായാലും യൂറോപ്പ് ഒരു ഭൂതം പോലെ ബ്രിട്ടനെ വിടാതെ പിടികൂടിയിരിക്കുകയാണ് എന്നു തീര്‍ച്ച.

RELATED STORIES

Share it
Top