ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി ബന്ധം മെച്ചപ്പെടുത്തും: മോദി

ലണ്ടന്‍: ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മില്‍ ധാരണ. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുകടന്നാലും നയതന്ത്ര ബന്ധത്തിനു പ്രാധാന്യം കുറയ്ക്കില്ലെന്നു മേയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മോദി ഉറപ്പുനല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കല്‍, സിറിയയിലെ വ്യോമാക്രമണം, ഭീകരവാദത്തെ തടയല്‍ എന്നിവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇരുനേതാക്കളും വിശദമായ ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്‌കുമാറും മാധ്യമങ്ങളെ അറിയിച്ചു.
ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ പുരോഗതി മേയ്, മോദിയെ അറിയിച്ചു. ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലാവധിയായ 2020 വരെ ഇന്ത്യന്‍ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും നിലവിലെ അവസ്ഥയില്‍ തുടരാമെന്നും മേയ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിലെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ സംയുക്ത വ്യാപാര അവലോകനം നടത്താനും ധാരണയായി. കുറ്റവാളികളെ കൈമാറല്‍ അടക്കമുള്ള നിയമപ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.  ബാങ്കുകളില്‍ നിന്നു വായ്പയെടുത്തു മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്നു മോദി ആവശ്യപ്പെട്ടതായും റിപോര്‍ട്ടുണ്ട്.
എന്നാല്‍ ബ്രിട്ടനില്‍ നിന്നിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.   ഇതിനു പകരമായി കടല്‍ക്കൊള്ളക്കേസില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ജയിലില്‍ നിന്നു മോചിതരായ മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരെ ബ്രിട്ടന് കൈമാറണമെന്ന് മേയ് ആവശ്യപ്പെട്ടതായും റിപോര്‍ട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണു മോദി ബ്രിട്ടനിലെത്തിയത്്്.

RELATED STORIES

Share it
Top