ബ്രൂവറി: ഫയല്‍ എവിടെയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് നിഗൂഢത നിറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ ഓഫിസ് ചുമതല ഔദ്യോഗികമായി ഏറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ മന്ത്രിസഭയിലോ ഘടകകക്ഷികളുമായോ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ എവിടെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണ് ബ്രൂവറി ഫാക്ടറികള്‍. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യവസായ സംരംഭമല്ല ബ്രൂവറി. വന്‍തോതില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടിവരും. മലമ്പുഴ എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ ജില്ലാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്ലാച്ചിമട സമരംപോലെ മുന്നോട്ടുപോവും.
കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുക എന്നതാണ് ഏറ്റവും വലിയ ദൗത്യം. അതിന്റെ ആദ്യഘട്ടമായി ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പുനസ്സംഘടിപ്പിക്കും. യുഡിഎഫിനെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോവും. പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തുവന്നിരുന്ന കുറേ വിഭാഗങ്ങള്‍ പലകാരണങ്ങളാല്‍ സമീപകാലത്ത് അകലം പാലിക്കുന്നു. അവരെ തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും- മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top