ബ്രൂവറി: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രൂവറികള്‍ തുടങ്ങാനുള്ള വിവാദ അനുമതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയത്തിനെതിരായാണ് പുതിയ ബ്രൂവറികള്‍ അനുവദിച്ചതെന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്‍ഡിങ്, കോംപൗണ്ടിങ് ആന്റ് ബോട്ടിലിങ് യൂനിറ്റുകള്‍ക്കുമാണ് തത്ത്വത്തില്‍ അനുമതി നല്‍കിയത്. പൊതുസംവിധാനത്തിന് അകത്തുള്ള രണ്ട് യൂനിറ്റുകള്‍ക്ക് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കി. ഇത്തരത്തിലുള്ള ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നു ബിവറേജസ് കോര്‍പറേഷനാണ് മദ്യം വാങ്ങുന്നത്. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോര്‍പറേഷന്‍ വാങ്ങുന്ന മദ്യം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ബ്രൂവറികള്‍ നല്‍കും. അതുകൊണ്ടുതന്നെ മദ്യമൊഴുക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.
പത്രപ്പരസ്യവും അറിയിപ്പും നല്‍കാതെ ബ്രൂവറിയും അനുബന്ധ സ്ഥാപനങ്ങളും അനുവദിച്ചുവെന്ന ആരോപണവും അടിസ്ഥാനമില്ലാത്തതാണ്. ഇത്തരം യൂനിറ്റുകള്‍ അനുവദിക്കുന്നതില്‍ പത്രപ്പരസ്യം നല്‍കുന്ന രീതിയില്ല. പകരം അതത് കാലഘട്ടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തങ്ങളുടെ മുമ്പില്‍ വരുന്ന അപേക്ഷകള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുകയാണ് ചെയ്യുന്നത്. 1999ലെ ഉത്തരവിനുശേഷം ഒരു സ്ഥാപനത്തിനും ബ്രൂവറികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍, 1998ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയത് 2003ലെ ആന്റണി സര്‍ക്കാരാണ്.
സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ലൈസന്‍സ് തടയുന്നതിന് പിന്നീട് കഴിയില്ലെന്ന വാദവും തെറ്റാണ്. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയാണെന്ന ആരോപണവും നിലനില്‍ക്കില്ല. ഒരു വകുപ്പിന് കീഴില്‍ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോള്‍ അവയ്ക്കു മന്ത്രിസഭയുടേതെന്നല്ല, മുഖ്യമന്ത്രിയുടെ പോലും അനുമതി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.RELATED STORIES

Share it
Top