ബ്രൂവറി: പുതിയ ആരോപണവുമായി ചെന്നിത്തലകിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ചത് സിപിഎം നേതാവിന്റെ മകന്‍

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ മദ്യ ഉല്‍പാദനശാല സ്ഥാപിക്കാന്‍ പവര്‍ ഇന്‍ഫ്രാടെകിന് രേഖാമൂലം സന്നദ്ധത അറിയിച്ച കിന്‍ഫ്ര പ്രോജക്റ്റ് ജനറല്‍ മാനേജര്‍ സിപിഎം ഉന്നതനേതാവിന്റെ മകനാണ്. ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ സിപിഎമ്മിന്റെ ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയിലേക്ക് ഇതു വിരല്‍ചൂണ്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനും കിന്‍ഫ്രയിലെ പ്രോജക്റ്റ് മാനേജരുമായ ടി ഉണ്ണികൃഷ്ണനെതിരേയാണ് ആരോപണം.
അതേസമയം, ബ്രൂവറി ഇടപാടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ കണ്ടു പരാതി നല്‍കി. 19 വര്‍ഷത്തിനുശേഷം ഇതുപോലൊരു സുപ്രധാന കാര്യത്തില്‍ നയംമാറ്റമുണ്ടായപ്പോള്‍ അതു പരമരഹസ്യമായി നടപ്പാക്കി എന്നതാണു ഗൂഢാലോചനയ്ക്കുള്ള ഒന്നാമത്തെ തെളിവ്. ബ്രൂവറി-ഡിസ്റ്റിലറി ഇടപാടില്‍ കോടികള്‍ കൈമറിഞ്ഞെന്നും സിപിഎമ്മിന്റെ ഉന്നതതലങ്ങളില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിനെക്കുറിച്ചു സമഗ്രമായി അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
2017 മാര്‍ച്ച് 27നാണ് കിന്‍ഫ്ര ജനറല്‍ മാനേജര്‍ക്ക് പദ്ധതി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക് സിഎംഡി അലക്‌സ് മാളിയേക്കല്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ 48 മണിക്കൂറിനകം സ്ഥലം അനുവദിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. ഭൂമി അനുവദിക്കാന്‍ സന്നദ്ധമാണെന്ന കിന്‍ഫ്ര ജനറല്‍ മാനേജരുടെ കത്ത് കിന്‍ഫ്ര എംഡി അറിഞ്ഞിരുന്നോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യം ജില്ലാതല വ്യവസായ സമിതിയിലും ചര്‍ച്ച ചെയ്തില്ല. പകരം എക്‌സ്പ്രസ് വേഗത്തില്‍ അനുമതിക്കത്ത് നല്‍കുകയാണ് ഉണ്ടായത്. ഇക്കാര്യം എക്‌സൈസ് മന്ത്രിക്ക് അറിയാമായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.

RELATED STORIES

Share it
Top