ബ്രൂവറി: നടപടി ആശയക്കുഴപ്പം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

അനുമതി റദ്ദാക്കിതിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ബിയര്‍നിര്‍മാണത്തിന് പുതിയ മൂന്ന് ബ്രൂവറികള്‍ക്കും മദ്യനിര്‍മാണത്തിന് രണ്ടു ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതി നല്‍കിയ ഉത്തരവ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്നതായും കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ പുതിയ യൂനിറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ഈ ഘട്ടത്തില്‍ എന്തെങ്കിലും ആശയക്കുഴപ്പം പാടില്ല.
അതുകൊണ്ടാണ് അനുമതി റദ്ദാക്കുന്നത്. പ്രതിപക്ഷ ആരോപണത്തിനു കീഴടങ്ങുകയല്ല, നാടിന്റെ വിശാല താല്‍പര്യം സംരക്ഷിക്കാന്‍ ചെറിയ വിട്ടുവീഴ്ച ചെയ്യുകയാണ്. അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറീസ്, പവര്‍ ഇന്‍ഫ്രാടെക്, അപ്പോളോ, കണ്ണൂര്‍ കെ എസ് സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖലയിലെ മലബാര്‍ ഡിസ്റ്റിലറീസിനുമാണ് ബ്രൂവറി, ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ തുടങ്ങാന്‍ തത്ത്വത്തില്‍ അനുമതിയും ലൈസന്‍സും നല്‍കിയിരുന്നത്.
ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തു നിന്ന് കൊണ്ടുവരുന്നതാണ്. അതിനാല്‍ പുതിയ യൂനിറ്റുകള്‍ സംസ്ഥാനത്ത് ആവശ്യമാണ്. യൂനിറ്റുകള്‍ക്ക് നിയമപ്രകാരം തുടര്‍ന്നും അപേക്ഷ നല്‍കാവുന്നതാണ്. ആവശ്യമായ സാങ്കേതിക പരിശോധനകള്‍ക്കുശേഷം അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് വകുപ്പുതലത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ കഴിയും. മന്ത്രിസഭയില്‍ വയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. മദ്യയൂനിറ്റുകള്‍ തുടങ്ങാനായി ഒരുകാലത്തും പത്രപ്പരസ്യം നല്‍കിയിട്ടില്ല. നൂറിലേറെ അപേക്ഷകള്‍ പരിഗണിച്ചപ്പോഴാണ് പുതിയ യൂനിറ്റുകള്‍ തുടങ്ങേണ്ടതില്ലെന്ന് 1999ല്‍ ഉത്തരവിറക്കിയത്. ഭാവിയില്‍ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിന് ഇതു തടസ്സമാവില്ലെന്നും ഉത്തരവിലുണ്ട്. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top