ബ്രൂവറി: അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവ് പുറത്തുവിടും- ചെന്നിത്തല

ഹരിപ്പാട്: സംസ്ഥാനത്തു ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ഇതു സംബന്ധിച്ചു സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ കെ ആന്റണി മന്ത്രിസഭ ബ്രൂവറിക്ക് അനുമതി നല്‍കിയെന്ന എക്‌സൈസ് മന്ത്രി ടി കെ രാമകൃഷ്ണന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെയും വെളിപ്പെടുത്തല്‍ അപഹാസ്യമാണ്. സമഗ്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.
2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചാലക്കുടിക്കടുത്ത് ഷാവാലാസ് കമ്പനിയുടെ സബ്‌സിഡിയറി കമ്പനിക്ക് ബ്രൂവറീസിനു നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കി എന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും ആരോപണം. ഈ ആരോപണം അജ്ഞതയില്‍ നിന്നാണെന്നും 1998ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 28-9-98ല്‍ ജിഒ ആര്‍ടി 546/98/എഫ്ഡി ആയി ഉത്തരവിറങ്ങിയതാണെന്നും ഇതിന്റെ പിതൃത്വം എ കെ ആന്റണിയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥരാണ് ലൈസന്‍സ് നല്‍കുന്നതെന്നും സര്‍ക്കാരിലേക്ക് ഫയല്‍ മടങ്ങിവരില്ലെന്നത് മന്ത്രിക്കും കണ്‍വീനര്‍ക്കും അറിയാവുന്നതാണ്. ഇതിന്മേല്‍ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top