ബ്രൂവറിയില്‍ സര്‍ക്കാരിന്റെ കള്ളക്കളി വീണ്ടും പുറത്ത്

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും രേഖകള്‍ പുറത്ത്. 2016ല്‍ അബ്കാരി നയം എതിരെന്ന് കാട്ടി അനുമതി നിഷേധിച്ച ബ്രൂവറി കമ്പനിക്ക് 2018ല്‍ അനുമതി നല്‍കിയ റിപോര്‍ട്ട് പുറത്തുവന്നു. അപ്പോളോ കമ്പനിയുടെ ബ്രൂവറിക്ക് 2016 ജൂലൈ 28നാണ് നികുതി വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ച് ഉത്തരവായത്.
നിലവിലെ ചട്ടപ്രകാരം കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ ആവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതേ ബ്രൂവറിക്കാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയത് എന്നതു ശ്രദ്ധേയമാണ്. 2018 ജൂണ്‍ 28നാണ് അപ്പോളോയ്ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ്. അബ്കാരി നയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഈ രണ്ടു വര്‍ഷത്തിനിടെ വന്നിട്ടില്ല. എന്നാല്‍ നേരത്തെ അബ്കാരി നയപ്രകാരം അനുമതി നിഷേധിച്ച കമ്പനിക്ക് രണ്ടു വര്‍ഷത്തിന് ശേഷം അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു എന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്.
പാലക്കാട് ജില്ലയിലെ എലപ്പുള്ളി വില്ലേജില്‍ അഞ്ച് ലക്ഷം ഹെക്ടോ ലിറ്റര്‍ വാര്‍ഷിക ഉല്‍പ്പാദനം ലക്ഷ്യമിടുന്ന അപ്പോളോ ഡിസ്റ്റിലറീസ് കമ്പനി (പ്രൈ. ലി.)ക്കുവേണ്ടിയാണ് ഡയറക്ടര്‍ നിഷ പുരുഷോത്തമന്‍ അപേക്ഷ നല്‍കിയിരുന്നത്. 2013ലും ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച അപേക്ഷ തള്ളിയ വിവരവും 2016ലെ അപേക്ഷ നിരസിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 120 കോടി മുതല്‍മുടക്കില്‍ 1000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന കമ്പനി തുടങ്ങുന്നതിനു കമ്പനി നല്‍കിയ അപേക്ഷയാണ് 2016ല്‍ തള്ളിയത്.
മലിനീകരണ വിമുക്തവും ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യാതെയുമായിരിക്കും പ്രവര്‍ത്തിക്കുക എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മഴവെള്ളവും ജലം റീസൈക്ലിങ് നടത്തിയുമായിരിക്കും ഉല്‍പാദനം എന്നും കമ്പനി ഉറപ്പുനല്‍കിയിരുന്നു. കൂടാതെ അപേക്ഷ പരിഗണിക്കണമെന്ന കോടതി ഉത്തരവ് സഹിതം നല്‍കിയ അപേക്ഷയിലാണ് അബ്കാരി നയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇതേ സര്‍ക്കാര്‍ തന്നെ അപേക്ഷ നിരസിച്ചത്.
എന്നാല്‍ ഇതേ അബ്കാരി പോളിസി നിലനില്‍ക്കെ എക്സൈസ് കമ്മീഷണറുടെ 2017 നവംബര്‍ 13ലെ കത്തിന്റെ അടിസ്ഥാനത്തില്‍ 2018 ജൂണ്‍ 28ന് എലപ്പുള്ളി വില്ലേജിലെ ഇതേ സര്‍വേ നമ്പര്‍ ഉള്ള സ്ഥലത്ത് അനുമതി നല്‍കുകയാണുണ്ടായത്. 2015 മെയ് ഒമ്പതിന് അപേക്ഷ സമര്‍പ്പിച്ച, സര്‍ക്കാര്‍ നിരസിച്ച അതേ സ്ഥലത്തുതന്നെയാണ് ഇപ്പോള്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് സര്‍ക്കാര്‍ വീണ്ടും അനുമതി നല്‍കിയിരിക്കുന്നതെന്നു വ്യക്തം.

RELATED STORIES

Share it
Top