ബ്രൂവറികള്‍ക്കു ലൈസന്‍സ്: അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബ്രൂവറികള്‍ക്കും ബോട്ട്‌ലിങ് പ്ലാന്റുകള്‍ക്കും ലൈസന്‍സ് നല്‍കുമ്പോള്‍ അബ്കാരി നിയമവും നടപടിക്രമങ്ങളും സര്‍ക്കാര്‍ കര്‍ശനമായി പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഹൈക്കോടതി. നേരത്തേ ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നാലു സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതും പിന്നീട് അത് പിന്‍വലിച്ചതും സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി ശാന്തന്‍പാറ സ്വദേശി സി വി തോമസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നേരത്തേ നല്‍കിയ ലൈസന്‍സുകള്‍ പിന്‍വലിച്ചതാണെന്നും പുതിയ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ചു മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ ജാഗരൂകരാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമലംഘനം ഉണ്ടായാല്‍ അത് തിരുത്താന്‍ വേണ്ട നടപടികള്‍ അവര്‍ സ്വീകരിക്കുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന്, ഹരജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. നേരത്തേ സര്‍ക്കാര്‍ ഡിസ്റ്റിലറി ആരംഭിക്കാന്‍ ലൈസന്‍സ് നല്‍കിയ ശ്രീചക്ര ഡിസ്റ്റിലറീസ് കമ്പനിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നതായി ഹരജിക്കാരന്‍ വാദിച്ചു. ലൈസന്‍സുകള്‍ റദ്ദാക്കുകയാണെന്ന് ഈ മാസം എട്ടിനാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ, എന്തു മാനദണ്ഡങ്ങള്‍ പ്രകാരമാണ് ലൈസന്‍സ് നല്‍കിയതെന്നു വ്യക്തമല്ല.
ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട മറ്റുചില ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. എന്തു കാരണം കൊണ്ടാണ് ലൈസന്‍സുകള്‍ അനുവദിച്ചതെന്നും പിന്‍വലിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. അതിനാല്‍, ലൈസന്‍സുകള്‍ പിന്‍വലിച്ചുള്ള പുതിയ ഉത്തരവ് തന്നെ എന്തോ ഒളിക്കാനുണ്ടെന്നതിന്റെ ലക്ഷണമാണ്. ഈ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top