ബ്രീട്ടീഷ് അധ്യാപികയുടെ കൊല : സ്വദേശിയുടെ വധശിക്ഷ ശരിവച്ചുദോഹ:  ബ്രിട്ടീഷ് അധ്യാപിക ലോറന്‍ പാറ്റേഴ്‌സന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു. കേസിലെ മുഖ്യ പ്രതി ബദര്‍ ഹാഷിം ഖമീസ് അല്‍ജാബര്‍ സുഹൃത്തിന്റെ സഹായത്തോടെ ബ്രിട്ടീഷ് അധ്യാപികയായ ലോറന്‍ പാറ്റേഴ്‌സനെ കുത്തിക്കൊല്ലുകയും ശേഷം മരുഭൂമിയില്‍ കൊണ്ടു പോയി മൃതദേഹം കത്തിക്കുകയും ചെയ്തുവെന്നാണ് കേസ്. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തന്റെ പ്രവര്‍ത്തിയെക്കുറിച്ച് പ്രതി പൂര്‍ണമായും ബോധവാനായിരുന്നുവെന്ന് കോടതി വിധിയില്‍ പറയുന്നു. പ്രതിയുടെ അസാന്നിധ്യത്തിലാണ് വിധി പ്രസ്താവം. തൂക്കിലേറ്റിയോ വെടിവച്ചോ ആണ് വധശിക്ഷ നടപ്പാക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. കേസിന് വേണ്ടി നാട്ടില്‍ നിന്നെത്തിയ ലോറന്റ് മാതാവ് അലിസന്‍ കണ്ണുനീരോടെയാണ് വിധിയുടെ വിശദാംശങ്ങള്‍ ശ്രവിച്ചത്. പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് ഈ മാസം ആദ്യം അലിസണ്‍ പാറ്റേഴ്‌സണ്‍ ഖത്തര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. അല്‍ജാബറിന് കീഴ്‌ക്കോടി നേരത്തേ വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ പുനര്‍വിചാരണ പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 27ന് സുപ്രിം കോടതി വിധി പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാല്‍, പ്രതിക്ക് മാപ്പ് നല്‍കണോ, നഷ്ട പരിഹാരം വാങ്ങണോ, ശിക്ഷ വിധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബന്ധുക്കള്‍ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അലിസണ്‍ കോടതിയെ തന്റെ തീരുമാനമറിയിച്ചതോടെയാണ് അന്തിമ തീരുമാനമെടുത്തത്. ഇരയെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. വിവാഹേതര ലൈംഗിക ബന്ധത്തിനും കൊലപാതകത്തിനുമാണ് 2014ല്‍ കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ അപ്പീല്‍ കോടതി ഈ വിധി ശരിവച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു. അല്‍ജാബറിനെ സഹായിച്ച കേസില്‍ സുഹൃത്തും രണ്ടാം പ്രതിയുമായ മുഹമ്മദ് അബ്ദുല്ല ഹസന്‍ അബ്ദുല്‍ അസീസ് നല്‍കിയ അപ്പീല്‍ പരമോന്നത കോടതി തള്ളിയിരുന്നു. മൂന്ന് വര്‍ഷം തടവാണ് അബ്്ദുല്‍ അസീസിന് വിധിച്ചിരുന്നത്. 2013 ഒക്ടോബറില്‍ ലാസിഗാല്‍ നൈറ്റ് ക്ലബ്ബിലാണ് ലോറനെ അവസാനമായി കണ്ടത്. അല്‍ജാബറും സുഹൃത്ത് അബ്്ദുല്‍ അസീസും അപ്പോള്‍ കൂടെയുണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലോറന്റെ കത്തിക്കരിഞ്ഞ നിലയിലുള്ള ശരീര ഭാഗങ്ങളും കുത്താനുപയോഗിച്ച കത്തിയും മരുഭൂമിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം പ്രതി വീട്ടിനകത്ത് പാറ്റേഴ്‌സനെ കുത്തിക്കൊലപ്പെടുത്തുകയും രണ്ടാംപ്രതിയുടെ സഹായത്തോടെ മൃതദേഹം കാറില്‍ കയറ്റി  അല്‍ ഖറാറയിലെ മരുഭൂമിയില്‍ കൊണ്ടുപോയി കത്തിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  എന്നാല്‍, പ്രതിയുടെ സുഹൃത്തായ  ലോറന്‍  അയാളോടൊപ്പം വീട്ടില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വീണ് കത്തി കൊണ്ട് മുറിവേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

RELATED STORIES

Share it
Top