ബ്രിട്ടീഷ് ബംഗ്ലാവിന് വേണം സംരക്ഷണം

രാജപുരം: അതിജീവനം തേടി നൂറുവര്‍ഷം പഴക്കമുള്ള ഇരിയയിലെ ബ്രിട്ടീഷ് ബംഗ്ലാവ്. ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സംസ്ഥാന പാതയോരത്ത് 91 സെന്റ് സ്ഥലിലെ ബ്രിട്ടീഷ് ബംഗ്ലാവാണ് കാലപ്പഴക്കത്താല്‍ നശിച്ചു കൊണ്ടിരിക്കുന്നത്. ചെത്തുകല്ല് ഉപയോഗിച്ച് ഒറ്റമുറിയില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോട് ചേര്‍ന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നില്‍ക്കുന്നു.
ഇതിനടുത്തായി രണ്ടു മുറികള്‍ ഉള്ള കുതിരാലയവും കാണാം. ഇതില്‍ ഒന്നു കുതിരകളുടെ വിശ്രമമുറിയും മറ്റൊന്ന് ഭക്ഷണം ഉണ്ടാക്കി നല്‍കാനായി നിര്‍മിച്ചതുമാണ്. ഇതോടൊപ്പം ചുമട് താങ്ങിയും നിര്‍മിച്ചതും കാണാന്‍ കഴിയും. കാലപ്പഴക്കം കാരണം ബംഗ്ലാവി ന്റെയും കുതിരാലയത്തിന്റെയും മേല്‍ക്കൂര പൂര്‍ണമായും നിലം പതിച്ചിരിക്കുന്നു.
ചരിത്രശേഷിപ്പിന്റെ ഓര്‍മകള്‍ വിളിച്ചോതുന്ന ഈ ബ്രിട്ടീഷ് ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിക്കുന്നതിനുള്ള അവസാനവട്ട ആലോചനകളും പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. ബംഗ്ലാവ് 1926ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ചതാണെന്ന് പറയുന്നു. ജന്മിമാരില്‍ നിന്നും ചുങ്കം പിരിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനും ഇതുവഴി വിദൂരസ്ഥലങ്ങളിലേക്ക് പോകുന്ന വിശ്രമിക്കുന്നതിനുമായാണ് ബംഗ്ലാവ് പണി കഴിപ്പിച്ചത്.

RELATED STORIES

Share it
Top