ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി

മോസ്‌കോ: റഷ്യന്‍ മുന്‍ ഉദ്യോഗസ്ഥനെയും മകളെയും വിഷം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ബ്രിട്ടന്റെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കിയതിനു പിറകെ ഇന്നലെ 23 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്നാണ് ഇവര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശം.
നയതന്ത്രജ്ഞരെ പുറത്താക്കിയതിനു പുറമെ മോസ്‌കോയിലുള്ള ബ്രിട്ടിഷ് എംബസിയുടെ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റിന്റെയും സാംസ്‌കാരിക സംഘടനയായ ബ്രിട്ടിഷ് കൗണ്‍സിലിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും റഷ്യ തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം 22 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് ബ്രിട്ടന്‍ പുറത്താക്കിയത്. വിഷപ്രയോഗ കേസില്‍ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നടന്ന വിഷപ്രയോഗത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ശീത യുദ്ധം നടത്തിവരുകയാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ബ്രിട്ടന്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
റഷ്യന്‍ മുന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാളിനും മകള്‍ യൂലിയക്കും നേരെയാണ് ഈ മാസം മൂന്നിന് വിഷവാതക ആക്രമണമുണ്ടായത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. വിഷവാതക ആക്രമണത്തില്‍ ബ്രിട്ടന്‍ റഷ്യയെയാണ് കുറ്റപ്പെടുത്തിയത്. വിഷവസ്തു നിര്‍മിച്ചത് റഷ്യയാണെന്ന്് ബ്രിട്ടന്‍ പറയുന്നു. എന്നാല്‍, ബ്രിട്ട—ന്റെ ആരോപണം റഷ്യ തള്ളുകയാണുണ്ടായത്. വിഷവാതക ആക്രമണത്തില്‍ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി ബ്രിട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്നു ബ്രിട്ടിഷ് പാര്‍ലമെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top