ബ്രിട്ടന് പിന്തുണ: ആറു രാജ്യങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കും

ലണ്ടന്‍: റഷ്യ-ബ്രിട്ടന്‍ നയതന്ത്ര തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ആറു രാജ്യങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് അഭ്യൂഹം. ബ്രിട്ടനിലെ സാലിസ്ബറിയില്‍ റഷ്യന്‍ മുന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും വിഷം നല്‍കി കൊല്ലാന്‍ റഷ്യന്‍ അധികൃതര്‍ ശ്രമിച്ചെന്ന ബ്രിട്ടന്റെ ആരോപണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടത്.
നയതന്ത്ര തര്‍ക്കത്തില്‍ ബ്രിട്ടന് പിന്തുണയുമായാണ് ആസ്‌ത്രേലിയ, ഐസ് ലാന്‍ഡ്, പോളണ്ട്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, സ്വീഡന്‍ എന്നീ ആറു രാജ്യങ്ങള്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ലോകകപ്പിനായുള്ള റഷ്യയുടെ ഔദ്യോഗിക ക്ഷണം നിരസിക്കാന്‍ തയ്യാറാണെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, റഷ്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു.
റഷ്യക്കെതിരേ സമ്പൂര്‍ണ ഉപരോധത്തെക്കുറിച്ച് ചിന്തിക്കുന്നതായി ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാലിസ്ബറി രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിറകേയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനം. ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ താരങ്ങളെ ലോകകപ്പില്‍ പങ്കെടുപ്പിക്കാതെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.
ഐസ്‌ലാന്‍ഡില്‍ നിന്ന് ആസ്‌ത്രേലിയയിലേതിനു സമാനമായ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തുനിന്നുള്ള നേതാക്കള്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ഐസ്‌ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്നു സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.  ഈ മാസം 14നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസമേയുടെ പ്രഖ്യാപനം പുറത്തുവന്നത്. ജൂണ്‍ 14നാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.

RELATED STORIES

Share it
Top