ബ്രിട്ടന്‍: നവംബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ മേയ് നീക്കം നടത്തുന്നു

ലണ്ടന്‍: തന്റെ അധികാരം ഉറപ്പിക്കാനും ബ്രെക്‌സിറ്റിന് മേല്‍ യൂറോപ്യന്‍ യൂനിയനുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതു തടയാനും ബ്രിട്ടനില്‍ നവംബറില്‍ തിരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി തെരേസ മേയ് നീക്കം നടത്തുന്ന—തായി റിപോര്‍ട്ട്. സണ്‍ഡേ ടൈംസ് ആണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.
ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നോട്ടുവച്ച ധാരണ സാല്‍സ്ബര്‍ഗ് ഉച്ചകോടിയില്‍ യുറോപ്യന്‍ യൂനിയന്‍ (ഇയു) തള്ളിയിരുന്നു. തെരേസ മേയുടെ രണ്ടു സഹായികളെ ഉദ്ധരിച്ചാണു സണ്‍ഡേ ടൈംസ്് റിപോര്‍ട്ട്്. ഇയുവുമായി പുതിയ ധാരണയിലെത്തുന്നതിനു പൊതുജന പിന്തുണ ഉറപ്പിക്കുന്നതിനാണു നേരത്തെ തിരഞ്ഞെടുപ്പു നടത്തുന്നതെന്നും മേയുടെ സഹായികള്‍ അറിയിച്ചു. അടുത്ത ഉഷ്ണകാലത്തോടെ അധികാരമൊഴിയാനാണു മേയ് ആലോചിക്കുന്നുണ്ട്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ടു രാജ്യത്തിനകത്തും യൂറോപ്യന്‍ യൂനിയനിലും താന്‍ ഒറ്റപ്പെട്ടതായി മേയ് തിരിച്ചറിഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് മറ്റൊരു ജനഹിതപരിശോധന കൂടി നടത്തണമെന്നും അവശ്യം ഉയരുന്നുണ്ട്. നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നു പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈനും ആവശ്യപ്പെട്ടിരുന്നു.
സാല്‍സ്ബര്‍ഗ് ഉച്ചകോടിക്കു ശേഷം രൂക്ഷ വിമര്‍ശനമാണു സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരില്‍ നിന്നടക്കം തെരേസ മേയ് നേരിടുന്നത്. കടുത്ത ബ്രെക്‌സിറ്റ് നീക്കങ്ങളില്‍ അയവുവരുത്താനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉദാരമായ സ്വതന്ത്ര വ്യാപാര കരാറിന് തയ്യാറാവാനുമാണ് പ്രധാനമന്ത്രിക്കു മന്ത്രിമാരുടെ ഉപദേശം. അതേസമയം മറു ഭാഗത്ത് ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇയു വിടാനുള്ള നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോവാന്‍ മേ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നു.

RELATED STORIES

Share it
Top