ബ്രിട്ടനിലെ സര്‍ക്കാര്‍ രൂപീകരണം : ബ്രിട്ടിഷ് രാജ്ഞിയുടെ പാര്‍ലമെന്റ് പ്രസംഗം വൈകുംലണ്ടന്‍: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ രാജ്ഞി നടത്തുന്ന പ്രസംഗം നിശ്ചയിച്ചതിലും ഏതാനും ദിവസം വൈകും. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്തുണ ഉറപ്പിക്കുന്നതിന് ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി)യുമായുള്ള കൂടിയാലോചനകള്‍ തുടരുന്നതിനാലാണ് ഈ മാസം 19ന് നിശ്ചയിച്ച രാജ്ഞിയുടെ പ്രസംഗം വൈകിക്കുന്നത്. ജനപ്രതിനിധി സഭയിലെ പുതിയ നേതാവ് രാജ്ഞിയുടെ പ്രസംഗത്തിന്റെ ഒരുക്കങ്ങള്‍ ശരിയായ സമയത്ത് വെളിപ്പെടുത്തുമെന്ന് തെരേസ മെയുടെ വക്താവ് ആന്‍ഡ്രിയ ലീസം വ്യക്തമാക്കി. അതേസമയം,  പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയിലും പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് മുന്നോട്ടുപോവുകയാണ്. ഉറ്റ സുഹൃത്ത് ഡാമിയന്‍ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഉപപ്രധാനമന്ത്രിക്കു തുല്യമായ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് പദവിയാണ് നല്‍കിയത്. ധനമന്ത്രിയായ ഫിലിപ് ഹാമണ്ട് അടക്കം അഞ്ചു മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോണ്‍സനും ഡേവിഡ് ഡേവിസ് ബ്രെക്‌സിറ്റ് സെക്രട്ടറിയായും മൈക്കിള്‍ ഫാലന്‍ പ്രതിരോധ മന്ത്രിയായും തുടരും. മറ്റു മന്ത്രിപദവികളില്‍ പുനസ്സംഘടനയുണ്ടാവും. മെയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാന്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) തയ്യാറായേക്കുമെന്നാണു സൂചന. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ലേബര്‍പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, മെയ് താമസിയാതെ രാജിവയ്‌ക്കേണ്ടി വരുമെന്നും ഭരണം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവുള്ള മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ പിന്തുണയോടുകൂടി മാത്രമേ ഭരണം നിലനിര്‍ത്താന്‍ കഴിയൂ.

RELATED STORIES

Share it
Top