ബ്രാഹ്മണശാപം ഭയക്കുന്നവര്‍

ബി ആര്‍ പി ഭാസ്‌കര്‍

കേരളത്തിലെ പല ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, ശബരിമല ശാസ്താ ക്ഷേത്രം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ അമ്പലങ്ങളുടെ ചുമതലയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഏഴു പതിറ്റാണ്ടിന്റെ ചരിത്രം പോലുമില്ല. തിരുവിതാംകൂര്‍ 1947ല്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുമ്പോള്‍ രാജഭരണകൂടത്തിനു കീഴില്‍ 1249 ക്ഷേത്രങ്ങളുണ്ടായിരുന്നു. രാജാവ് 1949ല്‍ ഒപ്പിട്ടതും ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചതുമായ ഉടമ്പടി പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഒഴികെയുള്ള അമ്പലങ്ങളുടെ ഭരണത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തിരു-കൊച്ചി നിയമസഭ 1950ല്‍ നിയമമുണ്ടാക്കി. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അമ്പലങ്ങള്‍ ഭരിക്കുന്നതു ശരിയല്ലെന്നതുകൊണ്ടാണ് സ്വയംഭരണാധികാരമുള്ള ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്കു മാത്രം സര്‍ക്കാര്‍ എന്തിനാണ് ബോര്‍ഡ് ഉണ്ടാക്കുന്നതെന്നു ചിലര്‍ ചോദിക്കാറുണ്ട്. ഈ അമ്പലങ്ങള്‍ എങ്ങനെ തിരുവിതാംകൂര്‍ സര്‍ക്കാരിനു കീഴില്‍ വന്നുവെന്ന് അവര്‍ ചോദിക്കാറില്ല. വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ തിരുവനന്തപുരത്ത് ആധിപത്യം ഉറപ്പിച്ചപ്പോള്‍ ആദ്യം ചെയ്തത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൈയടക്കുകയായിരുന്നു. നമ്പൂതിരിമാരെ പുറത്താക്കിയ ശേഷം പൂജാദികര്‍മങ്ങള്‍ നടത്താന്‍ അദ്ദേഹം തുളു ബ്രാഹ്മണരായ പോറ്റിമാരെ കൊണ്ടുവന്നു.
രാജ്യത്തിന്റെ അഭിവൃദ്ധിക്കായി മാര്‍ത്താണ്ഡവര്‍മ തുടങ്ങിയതും ആറു കൊല്ലത്തിലൊരിക്കല്‍ നടത്തിയതുമായ മുറജപം എന്ന ചടങ്ങ് പുറത്താക്കിയ നമ്പൂതിരിമാരുടെ ശാപത്തില്‍ നിന്നു മുക്തി നേടാന്‍ ഏര്‍പ്പെടുത്തിയതാണ്. 56 ദിവസം നീണ്ടുനില്‍ക്കുന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍ നമ്പൂതിരിമാര്‍ കൂട്ടത്തോടെ എത്തി. രാജാവ് ഭക്ഷണവും പാരിതോഷികവും നല്‍കി അവരെ തൃപ്തിപ്പെടുത്തി ബ്രാഹ്മണശാപത്തില്‍ നിന്നു മോചനം നേടി.
ശബരിമല ക്ഷേത്രം വൈദിക ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പേയുള്ളതാണ്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുയാങ്‌സാങ് എന്ന ചൈനക്കാരന്റെ യാത്രാവിവരണങ്ങളില്‍ പശ്ചിമഘട്ടത്തിലെ ഒരു വലിയ ബുദ്ധകേന്ദ്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. പന്തളം കഥകളില്‍ രാജാവിന്റെ വളര്‍ത്തുപുത്രനായ മണികണ്ഠന്‍ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിച്ചത് ആ ബുദ്ധകേന്ദ്രത്തിന്റെ ഭാഗമായിരുന്ന അമ്പലത്തെയാവണം. പാണ്ഡിരാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് 14ാം നൂറ്റാണ്ടില്‍ മധുരയില്‍ നിന്നു പലായനം ചെയ്ത ഒരു കുടുംബം അഭയാര്‍ഥികളായി പന്തളത്തെത്തി. അവിടെ അതിനകം ആധിപത്യം സ്ഥാപിച്ചിരുന്ന വൈദിക ബ്രാഹ്മണരുടെ സഹായത്തോടെ അവര്‍ ഒരു കൊച്ചു രാജ്യം സ്ഥാപിച്ചു.
വേണാട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും അവര്‍ക്കു വേണ്ടി യുദ്ധം ചെയ്ത നായന്‍മാര്‍ക്കും ക്ഷത്രിയപദവി നിഷേധിച്ച വൈദിക സമൂഹം മധുരയില്‍ നിന്നു വന്ന പൂഞ്ഞാര്‍, പന്തളം രാജാക്കന്‍മാര്‍ക്ക് ആ പദവി നല്‍കി. ശബരിമല ക്ഷേത്രം ആദ്യം പന്തളം രാജാവിന്റെയും പിന്നീട് അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ മഹാരാജാവായ വേണാട്ടരചന്റെയും നിയന്ത്രണത്തിലായത് രാഷ്ട്രീയാധികാരത്തിലൂടെയാണ്.
ജമ്മു-കശ്മീരിന്റെ ചരിത്രം പരിശോധിച്ചാല്‍ രാജാവ് അമ്പലങ്ങള്‍ കൈയടക്കുന്ന രീതി മനസ്സിലാക്കാം. ആ രാജ്യം നിലവില്‍ വന്നത് 1848ല്‍ മാത്രമാണ്. പഞ്ചാബ് ചക്രവര്‍ത്തി രഞ്ജിത് സിങിന്റെ ജമ്മു-കശ്മീര്‍ പ്രദേശത്തെ സൈന്യാധിപന്‍ ഗുലാബ്‌സിങ് ബ്രിട്ടിഷുകാര്‍ക്ക് കാശു കൊടുത്ത് രാജപദവി നേടുകയായിരുന്നു. ഒരു വിളംബരത്തിലൂടെ അദ്ദേഹം സംസ്ഥാനത്തെ ഹിന്ദുക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ട്രസ്റ്റിനു നല്‍കണമെന്നു വ്യവസ്ഥ ചെയ്തു. ജമ്മുവിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ വരുമാനം ബ്രാഹ്മണ പൂജാരിമാരും ഠാക്കൂര്‍ മാടമ്പിമാരുമായി അദ്ദേഹം തുല്യമായി പങ്കുവെച്ചു. ആണ്ടിലൊരിക്കല്‍ മാത്രം ഭക്തര്‍ എത്തുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ വരുമാനത്തിന്റെ മൂന്നിലൊന്ന് രാജാവിന്, മൂന്നിലൊന്ന് ബ്രാഹ്മണ പൂജാരിമാര്‍ക്ക്, മൂന്നിലൊന്ന് ഗുഹയിലേക്കുള്ള നഷ്ടപ്പെട്ട മലമ്പാത കണ്ടെത്തിയ മുസ്‌ലിം ഇടയ കുടുംബത്തിന്.
തിരുവിതാംകൂര്‍ മഹാരാജാവ് കൈയിലെടുത്ത അമ്പലങ്ങളെ സര്‍ക്കാരിനു കീഴിലാക്കിയത് ജോണ്‍ മണ്‍റോ എന്ന സായിപ്പാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ മണ്‍റോ അമ്പലങ്ങള്‍ അതിനു കീഴിലാക്കി. ഇത്രയും വായിച്ചിട്ടും, അമ്പലങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബോര്‍ഡിനെ ഏല്‍പിക്കണോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം, യോഗക്ഷേമസഭയെയോ എന്‍എസ്എസിനെയോ തന്ത്രികുടുംബാംഗങ്ങളെയോ ഏല്‍പിക്കുന്നതിനേക്കാള്‍ നല്ലത് തിരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡിനെ ഏല്‍പിക്കുന്നതാണ് എന്നാണ്. ഇതിന്റെ അര്‍ഥം ബോര്‍ഡിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്നല്ല. പാര്‍ട്ടികള്‍ ഇപ്പോള്‍ ബോര്‍ഡിലേക്കു നിയോഗിക്കുന്നത് പ്രബല ജാതികളുടെ സംഘടനകള്‍ക്ക് സ്വീകാര്യരായവരെയാണ്. പാര്‍ട്ടികളും ഈ സംഘടനകളും നിയമപ്രകാരമുള്ള സ്വയംഭരണാവകാശം ഉപയോഗിക്കാന്‍ ബോര്‍ഡിനെ അനുവദിക്കാറില്ല.
ആദ്യകാലത്ത് ദേവസ്വം ബോര്‍ഡിന് ഈ ദുരവസ്ഥ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കേരളം നവോത്ഥാനം പൂട്ടിക്കെട്ടി ഇരുമുന്നണി സമ്പ്രദായം ഉണ്ടാക്കിയ ശേഷമാണ് അത് ഉണ്ടായത്. ബ്രാഹ്മണനു സ്വയം നല്‍കിയ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരു അബ്രാഹ്മണര്‍ക്ക് ശാന്തിമാരായും തന്ത്രിമാരായും പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കാനും ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ശ്രീനാരായണ സ്വാധീനത്തില്‍ വന്ന മാമന്‍ വൈദ്യരുടെ മകന്‍ പറവൂര്‍ ശ്രീധരന്‍ ഗുരുകുല സമ്പ്രദായത്തിലൂടെ തന്ത്രവിദ്യ അഭ്യസിച്ച് വലിയ തോതില്‍ അംഗീകാരം നേടുകയുണ്ടായി.
ജീവിതകാലത്ത് അദ്ദേഹം 200ഓളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുകയും അത്ര തന്നെ ക്ഷേത്രങ്ങളില്‍ മുഖ്യ തന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ പറവൂര്‍ രാകേഷ് അതേ പാത പിന്തുടരാന്‍ തീരുമാനിച്ചതോടെ അവരുടേത് ഒരു തന്ത്രികുടുംബമായി. രാകേഷിനെ ദേവസ്വം ബോര്‍ഡ് നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചപ്പോള്‍ മാടമ്പിമാര്‍ എതിര്‍ത്തു. ബോര്‍ഡ് രണ്ടു ദിവസം കൊണ്ട് അദ്ദേഹത്തെ മാറ്റി. രാകേഷ് അതിനെതിരേ കോടതിയെ സമീപിച്ചു. കേസ് സുപ്രിംകോടതി വരെ എത്തുകയും അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു.
നിയമപോരാട്ടത്തിലെ തന്റെ വിജയത്തെ കാലാനുസൃത മാറ്റം എന്നാണ് ഒരു അഭിമുഖത്തില്‍ രാകേഷ് വിശേഷിപ്പിച്ചത്. പക്ഷേ, ഈ മാറ്റങ്ങള്‍ക്ക് മറ്റൊരു വശം കൂടിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. നമ്പൂതിരി, പോറ്റി സമുദായങ്ങളിലെ പുതിയ തലമുറ ഈ പരമ്പരാഗത തൊഴില്‍മേഖലയിലേക്കു വരുന്നില്ല. ശാന്തിമാരെ കല്യാണം കഴിക്കാന്‍ നമ്പൂതിരി പെണ്‍കുട്ടികള്‍ തയ്യാറുമല്ല. 19ാം നൂറ്റാണ്ടില്‍ ബിഹാറിലെ ഒരു ഗോത്രവര്‍ഗത്തെ വൈദിക സമൂഹം കീഴടക്കിയത് എങ്ങനെയെന്ന് ഒരു ബ്രിട്ടിഷുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ അമ്പലത്തിലെ ദേവിയെ നിലനിര്‍ത്തി. ആരാധനാരീതിയും നിലനിര്‍ത്തി. പക്ഷേ, ഗോത്രപൂജാരിയെ മാറ്റി ബ്രാഹ്മണ പൂജാരിയെ നിയമിച്ചു. ബ്രാഹ്മണന്റെ പൗരോഹിത്യ കുത്തക അവസാനിപ്പിക്കാതെ ജാതിമേധാവിത്വം ഇല്ലാതാവില്ല. ഹിന്ദു ദേവീദേവന്‍മാര്‍ ബ്രാഹ്മണര്‍ കൊണ്ടുവന്നവരല്ല. അവര്‍ വരുന്നതിനു മുമ്പേ ഉപഭൂഖണ്ഡത്തിലെ വിവിധ ജനവിഭാഗങ്ങള്‍ ആരാധിച്ചിരുന്നവരാണ് അവര്‍. ദൈവങ്ങളെ മന്ത്രങ്ങള്‍ നിയന്ത്രിക്കുന്നു. മന്ത്രങ്ങളെ ബ്രാഹ്മണര്‍ നിയന്ത്രിക്കുന്നു എന്ന മൂഢവിശ്വാസം പരത്തിയാണ് അവര്‍ ആധിപത്യം സ്ഥാപിച്ചത്.
മുന്നണി സമ്പ്രദായം നിലവില്‍ വന്ന ശേഷം നിരവധി സിപിഎം അംഗങ്ങളും അനുഭാവികളും ബോര്‍ഡിന്റെ തലപ്പത്ത് വന്നിട്ടുണ്ട്. പരമ്പരാഗത തന്ത്രിസമ്പ്രദായം അഴിച്ചുപണിയുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ അവര്‍ക്കും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കും കഴിയാത്തത് ബ്രാഹ്മണശാപം ഭയക്കുന്നതുകൊണ്ടാണോ? അതോ ജാതിമേധാവിത്വവുമായി സന്ധി ചെയ്തതുകൊണ്ടാണോ? രണ്ടായാലും അത് ഇടതുപക്ഷത്തിനു ചേര്‍ന്നതല്ല. ി

(കടപ്പാട്: ജനശക്തി, 2018 ഒക്ടോബര്‍ 16)

RELATED STORIES

Share it
Top