ബ്രാന്‍ഡഡ് ഹോട്ടല്‍ മുറികള്‍ 19 ശതമാനം വര്‍ധിക്കുംദോഹ: ഖത്തറില്‍ ബ്രാന്‍ഡഡ് ഹോട്ടല്‍ മുറികളുടെ എണ്ണം രണ്ടുവര്‍ഷത്തിനുള്ളില്‍ 19 ശതമാനം വര്‍ധിക്കും. 2017ലെ 13,634 ഹോട്ടല്‍ മുറികളുണ്ടായിരുന്നത് 2019 ആകുമ്പോഴേക്കും 19,507 ആവും. കോളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍  വിഭാഗങ്ങളില്‍  കൂടുതല്‍ ഹോട്ടല്‍റൂമുകളുണ്ടാവും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 550 പുതിയ ഹോട്ടല്‍ റൂമുകളാണ് തുറന്നത്. ഈ സാമ്പത്തി കവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പുതിയതായി ഹോട്ടലുകളൊന്നും തുറന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ ഹോട്ടലുകളുടെ ശരാശരി നിരക്കിലും താമസക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.  സാമ്പത്തിക പ്രവര്‍ത്തനങ്ങളും കോര്‍പ്പറേറ്റ് ചെലവഴിക്കലും മന്ദഗതിയിലായതാണ് ഇതിനു കാരണം. സാമ്പത്തികപ്രവര്‍ത്തനങ്ങളിലെ മന്ദത ഹോട്ടല്‍ റൂമുകളുടെ ലഭ്യതയെ ബാധിക്കാതിരിക്കാന്‍ താങ്ങാന്‍ കഴിയുന്ന നിരക്കുകള്‍ ഉള്‍പ്പടെയുള്ള ഓഫറുകള്‍ നല്‍കുന്നതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഒഴിവുകാല വിനോദമേഖല ഖത്തറില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്.  പുതിയ മാളുകള്‍ തുറക്കുന്നതിലൂടെയും മറ്റും ഈ മേഖലയില്‍ ദോഹ പുരോഗതി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഒഴിവുകാല വിനോദസഞ്ചാരമേഖലയുടെ സ്ഥായിയായ വളര്‍ച്ച  നഗരവൈവിധ്യവല്‍ക്കരണത്തെ സഹായിക്കും. ദോഹയിലെ പ്രധാന ഹോസ്പിറ്റാലിറ്റി ജില്ലകളില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ താമസ, ശരാശരി റൂം നിരക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. വെസ്റ്റ്‌ബേയിലെയും ഡിപ്ലോമാറ്റിക് ഏരിയയിലെയും ഹോട്ടലുകളില്‍ താമസ റൂം നിരക്കുകള്‍ മിതമായിരുന്നു. വെസ്റ്റ്‌ബേയിലും ഡിപ്ലോമാറ്റിക് ഏരിയയിലും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളുമാണ് വിതരണത്തിനായി സജ്ജമായിവരുന്നത്. ഭൂമിയ്ക്ക് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരുന്നത് വെസ്റ്റ് ബേ ഡിസ്ട്രിക്റ്റില്‍ നിക്ഷേപകര്‍ക്ക് ഇടത്തരം ഹോട്ടലുകള്‍ നിര്‍മിക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്.

RELATED STORIES

Share it
Top