ബ്രാഞ്ച് കനാല്‍ തകര്‍ന്നു; രണ്ടുമാസമായിട്ടും നടപടിയില്ല

മാള: ഏക്കറുകണക്കിന് വരുന്ന കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കുന്ന കുണ്ടൂര്‍-കുളത്തേരി ബ്രാഞ്ച് കനാല്‍ തകര്‍ന്ന് മാസങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഇറിഗേഷന്‍ ബ്രാഞ്ച് കനാലാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഭാരവാഹനം പോയതിനെ തുടര്‍ന്ന് തകര്‍ന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഫൗസിര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ വിവരം അറിയിച്ചു. എന്‍ജിനീയര്‍ എത്തി എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. മൈത്ര, വയലാര്‍ എന്നീ മേഖലകളിലെ നെല്ല്, പച്ചക്കറി കൃഷികള്‍ക്കായുള്ള ഏക ആശ്രയമാണ് ഈ ബ്രാഞ്ച് കനാല്‍. കുണ്ടൂര്‍ ഇറിഗേഷനില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തുന്നത്. വേനല്‍ കടുത്തതോടെ പമ്പിംഗ് ആരംഭിക്കാനിരിക്കവേ കനാല്‍ തകര്‍ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കൂടാതെ ഇതിലൂടെ വെള്ളമെത്തിയാല്‍ തകര്‍ന്ന ഭാഗത്തിലൂടെ വെള്ളം കവിഞ്ഞു റോഡിലേക്ക് പോവുകയും കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയാക്കിയ ടാറിംഗ് പൊട്ടിപൊളിഞ്ഞു പോകുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ട്. കനാല്‍ അടയന്തിരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഫൗസിര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top