ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍

മോസ്‌കോ: ലോകകപ്പില്‍ വമ്പന്‍ ടീമുകളെല്ലാം ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയപ്പോള്‍ കിരീടത്തിലേക്ക് ഒരു പടികൂടി മുന്നേറി ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനറികള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേസമയം, രണ്ടാം പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ 3-2ന് പരാജയപ്പെടുത്തി ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇതോടെ അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീലും കീരീടം സ്വന്തമാക്കാത്ത ബെല്‍ജിയവും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
മികച്ച പന്തടക്കത്തിലൂടെ മെക്‌സിക്കോ ബ്രസീലിനെ ഞെട്ടിച്ചെങ്കിലും തന്ത്രം മെനയുന്നതിലെ മിടുക്കാണ് കാനറികള്‍ക്കു വിജയം സമ്മാനിച്ചത്. ബ്രസീലിനു വേണ്ടി സൂപ്പര്‍ താരം നെയ്മര്‍ അക്കൗണ്ട് തുറന്നപ്പോള്‍ ഫിര്‍മിനോ രണ്ടാം ഗോളിന് അവകാശിയായി. നെയ്മര്‍ തന്നെയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഗോള്‍രഹിതമായി നിന്ന ആദ്യപകുതിക്ക് ശേഷമാണ് ബ്രസീലിന്റെ രണ്ടു ഗോളും പിറന്നത്. തുടര്‍ച്ചയായി ഏഴാംതവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
അതേസമയം, കരുത്തരായ ബെല്‍ജിയത്തെ ജപ്പാന്‍ കളിമികവു കൊണ്ട് തകര്‍ത്തുന്ന കാഴ്ചയാണ് റോസ്റ്റോവ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോള്‍ രഹിതമായി നിന്ന ആദ്യ പകുതിക്ക് ശേഷം തുടര്‍ന്ന രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ അഞ്ച്  ഗോളുകളും പിറന്നത്.എങ്കിലും അവസാന മിനിറ്റില്‍ നടത്തിയ അവിശ്വസനീയ കുതിപ്പാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്.  48ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗെന്‍കി ഗരഗുച്ചിയാണ് ജപ്പാന്റെ ആദ്യ ഗോള്‍ നേടിയത്. നാല് മിനിറ്റുകള്‍ക്കകം തക്കാശി ഇനൂയി ജപ്പാന്റെ ലീഡ് രണ്ടായി വര്‍ധിപ്പിച്ചു. എന്നാല്‍ പോരാട്ടം കൈവിടാതെ മുന്നേറിയ ബെല്‍ജിയം, 69ാം മിനിറ്റില്‍ ടോട്ടനം താരം ജാന്‍ വെര്‍ട്ടങ്കന്റെ ഗോളിലൂടെ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 74ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മൗറൈന്‍ ഫെല്ലൈനി കൂടി ജപ്പാന്‍ വല കുലുക്കിയതോടെ മല്‍സരം 2-2ന്റെ സമനിലയില്‍.  എന്നാല്‍ ഇരു ടീമും വിജയഗോളിനായി മുന്നേറിയെങ്കിലും ഏഷ്യന്‍ ശക്തികളെ കീറിമുറിച്ചു കൊണ്ട് നൈസര്‍ ചാഡ്‌ലി ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടുകയായിരുന്നു. ഇഞ്ച്വറി ടൈമിലാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള ഗോള്‍ അടിച്ചത്.

RELATED STORIES

Share it
Top