ബ്രസീലില്‍ രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ബ്രസീലിയ: ബ്രസീലില്‍ രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയ്ര്‍ ബോള്‍സനാരോയും വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ ഹദ്ദാദും തമ്മിലാണ് മല്‍സരം. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബോള്‍സനാരോയ്ക്കായിരുന്നു മേധാവിത്തം.
63കാരനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ ബോള്‍സനാരോ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി അംഗമാണ്. ഭ്രൂണഹത്യ, വംശീയത, കുടിയേറ്റം, തോക്ക് കൈവശം വയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. കത്തിക്കുത്ത് ആക്രമണത്തില്‍ ശരീരത്തില്‍ നിന്ന് 40 ശതമാനത്തിലധികം രക്തംവാര്‍ന്നുപോയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ബോള്‍സനാരോ ചികില്‍സയിലാണ്.
മുന്‍ സാവോപോളോ മേയറും വിദ്യാഭ്യാസ മന്ത്രിയുമായ ഹദ്ദാദിന്റെ കുടുംബം ലബ്‌നനില്‍ നിന്നു കുടിയേറിയവരാണ്. രണ്ടു വോട്ടെടുപ്പിലും ഹദ്ദാദിന് പിന്തുണയേറുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, ബോള്‍സനാരോയ്ക്ക് 55 ശതമാനം വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള 513 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top